മുട്ടം: അറക്കുളം , മൂലമറ്റം, മുട്ടം പ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും, ഇടി മിന്നലിലും വ്യാപക നാശം. കുരുതിക്കളം ഒന്നാം വളവില്‍ മരം ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകള്‍ തകർന്നു. തൊടുപുഴ പുളിയന്മല റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഈ മേഖലയില്‍ നിരവധി വീടുകള്‍ക്കും ക്യഷി സ്ഥലങ്ങൾക്കും നാശനഷ്ടം ഉണ്ടായി. നിരവധി ആളുകളുടെ വാഴ ,കപ്പ, ചേന തുടങ്ങിയ കാര്‍ഷിക വിളകള്‍ കാറ്റില്‍ നശിച്ചു. പൂച്ചപ്രയില്‍ മാടതെരുവില്‍ സാബുവിന്‍റെ വീടിനു മുകളിലേയ്ക്ക് മരം വീണ വീടു പൂര്‍ണമായും തകര്‍ന്നു. പുത്തന്‍പുരയ്ക്കല്‍ ഏലീയാമ്മയുടെ വീടിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നു., കൊച്ചുപുരയ്ക്കല്‍ ജോണി,നരിമറ്റത്തില്‍ സിബി തുടങ്ങിയവരുടെ ക്യഷി ദേഹണ്ടങ്ങള്‍ നശിച്ചു. മുട്ടത്ത് പെരുമറ്റത്തിനു സമീപത്ത് മരം റോഡിലേയ്ക്ക് വീണ്‌ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. കുരുതിക്കളത്ത് മരം വീണ ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ കാഞ്ഞാര്‍ എസ് ഐ ജോണ്‍ സെബാസ്റ്റ്യന്‍റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൂലമറ്റം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.