തൊടുപുഴ: നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ 15ന് മുനിസിപ്പൽതല ട്രാഫിക് അഡ്വൈസറി സമിതി വിളിച്ചു ചേർക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ജെസി ആന്റണി പറഞ്ഞു. മുനിസിപ്പൽ തല ട്രാഫിക് ക്രമീകരണ സമിതിയുടെ കൺവീനറായ ജോയിന്റ് ആർ.ടി.ഒയുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനം. അംഗങ്ങൾക്ക് നോട്ടീസും നൽകി. തൊടുപുഴയിലെ ഗതാഗത പുനക്രമീകരണം നടത്തുന്നതിനും പഴയ ട്രാഫിക് അഡ്വൈസറി ബോർഡിന്റെ തീരുമാനം നടപ്പാക്കുന്നതിനും വേണ്ടിയാണ് സമിതി വിളിച്ച് ചേർക്കുന്നത്. പുതുതായി കൗൺസിലർമാരിൽ നിന്ന് ഉയർന്ന് വന്നിട്ടുള്ള വ്യത്യസ്തമായ നിർദേശങ്ങളും ജില്ലാ ലീഗൽ സർവീസ് അതോറിട്ടി തൊടുപുഴയിൽ നടത്തിയ അദാലത്തിന്റെ നിർദേശങ്ങളും ട്രാഫിക് അഡ്വൈസറി സമിതിയിൽ ചർച്ച ചെയ്യും. ഇതിനിടെ ചിലർ അറിഞ്ഞോ അറിയാതയോ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ച് കൂട്ടുന്നില്ലെന്ന ആക്ഷേപവുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത് ഖേദകരമാണെന്നും ചെയർപേഴ്സൺ പറഞ്ഞു.

ട്രാഫിക് അഡ്വൈസറി സമിതി

മുനിസിപ്പൽ ചെയർപേഴ്‌സൻ അദ്ധ്യക്ഷനും ജില്ല കളക്ടർ, സൂപ്രണ്ട് ഒഫ് പൊലീസ്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ പ്രതിനിധികൾ അംഗങ്ങളും ആർ.ടി.ഒയുടെ പ്രതിനിധി കൺവീനറായുമുള്ള അഞ്ചംഗ സമിതിയാണ് മുനിസിപ്പൽ തല ട്രാഫിക് അഡ്വൈസറി സമിതി.