ചെറുതോണി: ടൗണിലെ വ്യാപാരികളുടെ കെട്ടിടങ്ങൾക്കും സമീപത്തു താമസിക്കുന്നവർക്കും പട്ടയം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് ഭാരവാഹികളാവശ്യപ്പെട്ടു. ഇടുക്കി പദ്ധതിയുടെ ആരംഭകാലത്ത് കെട്ടിടം നിർമിച്ച് വ്യാപാരം നടത്തുന്ന നൂറുകണക്കിന് വ്യാപാരികൾക്ക് പട്ടയം ലഭിക്കാനുണ്ട്. ടൗണിലെ പകുതിയോളം കടകൾക്ക് പട്ടയമുണ്ട്. എന്നാൽ കൂടുതൽപേർക്കും പട്ടയം ലഭിച്ചിട്ടില്ല. പലർക്കും ഒരു സെന്റ് മുതൽ അഞ്ചുസെന്റ് വരെ മാത്രമേയുള്ളൂ. പലർക്കും പുതിയ പട്ടയങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് പട്ടയ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. അറുപത് വർഷത്തിലധികമായി കൈവശംവച്ച് കെട്ടിടം പണിത് കച്ചവടം നടത്തുന്ന നൂറുകണക്കിനാളുകൾക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. മുൻ സർക്കാരുകൾ പട്ടയം നൽകുന്ന നടപടികൾ തുടങ്ങിവച്ചിരുന്നതാണ്. അതിനാൽ അടിയന്തിരമായി അർഹരായ കച്ചവടക്കാർക്കും താമസക്കാർക്കും പട്ടയം നൽകണമെന്ന് വ്യാപാരി വ്യാസായി ഏകോപന സമിതി ഭാരവാകളായ ജോസ് കുഴികണ്ടം, ബാബു ജോസഫ് എന്നിവരാവശ്യപ്പെട്ടു.