മൂലമറ്റം : അംഗൻവാടികളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം വീണ്ടും ചോദ്യചിഹ്നമാകുന്നു. ചെള്ളും പുഴുവും നിറഞ്ഞ അരിയും ഗോതമ്പുമാണ് ഭക്ഷണം പാകം ചെയ്യാൻ എത്തിക്കുന്നതെന്നാണ് പരാതി. അതേസമയം നിലവാരം കുറഞ്ഞതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ അറക്കുളം പഞ്ചായത്തിലെ അംഗൻവാടികളിൽ എത്തിച്ച അരി ഉപയോഗിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ചേറാടി അംഗൻവാടിയിൽ വിതരണം ചെയ്ത അരിയും ഞുറുക്കു ഗോതമ്പുമാണ് ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയത്. വണ്ടും ചെള്ളും പുഴുവും അരിയിൽ കണ്ടെത്തിയതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് പ്രശ്നത്തിൽ ഇടപെട്ടത്. പൊലീസ് എത്തി പരിശോധിച്ചപ്പോഴും അരിയിലും ഞുറുക്കു ഗോതമ്പിലും പുഴുവിനെ കണ്ടെത്തി. 12ന് വിതരണം ചെയ്ത ഞുറുക്ക് ഗോതമ്പിലും പുഴുവും പൂപ്പലും കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ ഗോതമ്പ് എടുക്കരുതെന്നു സൂപ്പർവൈസറും നിർദേശം നൽകി. അംഗൻവാടി ടീച്ചർ അരി സൂക്ഷിക്കാത്തതാണ് പൂപ്പലിന് കാരണമെന്ന് പറഞ്ഞ് മെമ്മോയും നൽകിയിരുന്നു.എന്നാൽ തേക്കിൻകൂപ്പ് അംഗൻവാടിയിൽ വിതരണം ചെയ്ത അരിയിലും ചെള്ളും പുഴുവും നിറഞ്ഞതായിരുന്നു. ബന്ധപ്പെട്ട സൂപ്പർവൈസർമാരെ വിവരമറിയിച്ചിട്ടും ആരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയില്ലെന്നു പറയുന്നു. കാഞ്ഞാർ ജനമൈത്രി സ്റ്റേഷൻ എസ്.ഐ ഹരികുമാർ, വാർഡ് മെമ്പർ ടോമി വാളികുളം,പഞ്ചായത്ത് സെക്രട്ടറി മഹേഷ് കുമാർ തുടങ്ങിയവർ അംഗൻവാടിയിലെത്തി അരി പരിശോധിച്ചു. ചൈൽഡ് ലൈൻ പ്രസിഡന്റ് ജോസഫ് അഗസ്റ്റിനെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്.