മറയൂർ: മൂന്നാർ മുതൽ ചിന്നാർ വരെയുള്ള പാതയ്ക്കിരുവശവും കാടുനിറച്ച് യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്നപ്രധാന പാതകളിൽ ഒന്നായ മൂന്നാർ- ഉടുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ ഇതുവഴി മഴയും കോടമഞ്ഞും കാരണം യാത്ര തന്നെ ദുഷ്കരമാണ്. . മൂന്നാർ മുതൽ ചിന്നാർ വരെയുള്ള 60 കിലോ മീറ്റർ ദൂരമാണ് കാട് കയറി കിടക്കുന്നത്. വന്യജീവി സങ്കേതത്തിലൂടെയുള്ള ഈ പാതയുടെ ഇരു വശങ്ങളിലും വള്ളിപ്പടർപ്പുകൾ നിറഞ്ഞ് നിൽക്കുന്നതാണ് അപകടക്കെണിയൊരുക്കുന്നത്. കൊടും വളവുകളോടു കൂടിയ ഈ പാതയിലൂടെ ബസിൽ യാത്ര ചെയ്യുമ്പോൾ മരത്തിന്റെ ശിഖരങ്ങളും വള്ളിപ്പടർപ്പുകളും യാത്രക്കാരുടെ മുഖത്ത് തട്ടുന്നതും പതിവാണ്. മറയൂർ മുതൽ ചിന്നാർ വരെയുള്ള മലഞ്ചെരുവിലൂടെയുള്ള പാതയിൽ ഒരു വശം കൊക്കയും മറുവശം കുന്നുമാണ്. ഇതിനാൽ പാതയുടെ വീതി തീരെക്കുറവുമാണ്. റോഡിലേക്ക് വളർന്ന് നിൽക്കുന്ന ചെടികൾ മൂലം എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാതെ അപകടം ഉണ്ടാകുന്നത് പതിവാണ്. റോഡിലേക്ക് ചെടികൾ വളർന്ന് നിൽക്കുന്നതിനാൽ വളവുകളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ നിൽക്കുന്നത് അറിയാതെ പോവുകയും ചെയ്യും.. തുടർച്ചയായി പെയ്യുന്ന മഴയിൽ റോഡിൽവൻ കുഴികൾ രൂപപ്പെടുകയും ചില ഭാഗങ്ങൾ ഇടിഞ്ഞതും യാത്രക്കാർക്ക് കൂടുതൽ ഭീഷണിയാണ്. ഈ റോഡിന്റെ ഭൂരിഭാഗത്തും സംരക്ഷണ ഭിത്തി ഇല്ല. മറയൂർ- മൂന്നാർ മേഖലകളിലേക്ക് തമിഴ്‌നാട് കർണ്ണാടക ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം വിനോദ സഞ്ചാരികൾ ആശ്രയിക്കുന്ന ഈ പാതയിലേക്ക് വളർന്ന് നിൽക്കുന്ന ചെടികൾ നീക്കം ചെയ്ത് റോഡിന്റെ അറ്റകുറ്റ പണികൾ ചെയ്ത് ഗതാഗത യോഗ്യമാക്കേണ്ടിയിരിക്കുന്നു.. ചില ജനവാസ കേന്ദ്രങ്ങളിൽ പ്രദേശത്ത് താമസക്കാരായ ആളുകൾ കാട് വെട്ടിമാറ്റുന്നുണ്ടെങ്കിലും കൂടുതലും വനമേഖലയിലൂടെയുള്ള ഈ പാതയിലെ മറ്റു സ്ഥലങ്ങളിലെ നില അതീവ ഗുരുതരമാണ്.