മൂന്നാർ: ദേശീയപാത 85ന്റെ ഭാഗമായ മൂന്നാർ- ബോഡിമെട്ട് റോഡിൽ പൂപ്പാറ ഭാഗത്ത് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഹാരിസൺ മലയാളം കമ്പനിയുമായുള്ള തർക്കത്തെ തുടർന്ന് ഈ ഭാഗത്ത് നിർമ്മാണം മുന്നോട്ട് കൊണ്ടു പോകാൻ ദേശിയപാത അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഡീൻ കുര്യാക്കോസ് എം.പി.യുടെ സാന്നിധ്യത്തിൽ ഇടുക്കി ജില്ലാ കളക്ടറുടെ ചേമ്പറിൽ ആഗസ്റ്റ് 22 ന് എച്ച്.എം.എൽ പ്രതിനിധികളുടെയും ദേശിയപാത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. എച്ച്.എം.എൽ കമ്പനിയിൽ നിന്ന് നിയമ വിധേയമായി സ്ഥലം വിട്ടുകിട്ടുന്നതിനും റോഡ് നിർമ്മാണം സുഗമമായി മുമ്പോട്ട് കൊണ്ടു പോകുന്നതിനും എച്ച്.എം.എൽ ഡയറക്ടർ ബോർഡുമായി സംസാരിക്കുന്നതിനും പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും യോഗം ഡീൻ കുര്യാക്കോസ് എം.പിയെ ചുമാതലപ്പെടുത്തി. എച്ച്.എം.എൽ കമ്പനി ഡയറക്ടർമാരും കമ്പനിയുടെ നിയമോപദേഷ്ടാവുമായി എം.പി നിരവധി തവണ പ്രശ്‌നങ്ങൾ ചർച്ചചെയ്ത് ധാരണയിലെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനി ദേശിയപാതയ്ക്ക് ആവശ്യമായ വീതിയിൽ തേയിലച്ചെടികൾ പിഴുതിമാറ്റി സ്ഥലം വിട്ടു നൽകാൻ തീരുമാനിച്ചു.. ദേശീയപാത അതോറിട്ടി അംഗീകരിച്ച അലൈൻമെന്റിൽ പൂപ്പാറ ഭാഗത്ത് റോഡ് നിർമ്മാണം നടത്താൻ കഴിയുമെന്ന് എം.പി അറിയിച്ചു.