ചെറുതോണി: ഡിസംബറിൽ സർക്കാർ നടത്താനിരിക്കുന്ന പട്ടയമേളയിൽ ബാഹ്യശക്തികൾ ഇടപെടുന്നത് ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ്, സെക്രട്ടറി എൻ വി ബേബി എന്നിവർ ആവശ്യപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി വില്ലേജുകളിലാണ് അനാവശ്യ ഇടപെടലുകൾ ഉണ്ടാകുന്നതായി ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇടുക്കി വില്ലേജിൽ പട്ടയം ശരിയാക്കി നൽകാമെന്ന വാഗ്ദാനം നൽകി സാമ്പത്തിക സമാഹരണം നടത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി പട്ടയത്തിന് കാത്തിരിക്കുന്ന കർഷകർക്ക് പട്ടയം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്താൻ ജില്ലാ ഭരണകൂടവും റവന്യു ഉദ്യോഗസ്ഥരും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. കഴിഞ്ഞ 5 വർഷവും വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ പട്ടയം നൽകാൻ യു ഡി എഫ് സർക്കാർ തയ്യാറായില്ല. അധികാരം കിട്ടിയപ്പോൾ പട്ടയം നിഷേധിച്ചവർ ഇപ്പോൾ പുതിയ വാഗ്ദാനവുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളതിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും പട്ടയത്തിന് പഞ്ചായത്തുകളെകൊണ്ട് അപേക്ഷ സ്വീകരിപ്പിക്കുന്ന രീതി കേട്ടുകേൾവി ഇല്ലാത്തതാണ്. പട്ടയത്തിന് അപേക്ഷ നൽകേണ്ടത് വില്ലേജ്താലൂക്ക് ഓഫീസുകളിലും ഭൂമി പതിവ് തഹസിൽദാർ ഓഫീസിലുമാണ്. പഞ്ചായത്തുകളിൽ അപേക്ഷ സ്വീകരിക്കാൻ എവിടെ നിന്നാണ് നിർദ്ദേശമുണ്ടായതെന്ന് അന്വേഷിക്കണം. അപേക്ഷകർക്ക് മുഴുവൻ പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം അടിയന്തിരമായി സ്വീകരിക്കണമെന്നും കർഷകസംഘം നേതാക്കൾ ആവശ്യപ്പെട്ടു.