തൊടുപുഴ: കർഷക പ്രക്ഷോഭങ്ങളുടെ ഫലമായാണ് കേന്ദ്രസർക്കാർ ആർ.സി.ഇ.പി കരാറിൽ നിന്ന് താത്കാലികമായി പിന്മാറിയതെന്ന് ആർ.സി.ഇ.പി വിരുദ്ധ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരാറിൽ ഇന്ത്യ ഏതു സമയത്തും ഒപ്പ് വയ്ക്കാനുള്ള സാധ്യത മനസിലാക്കി പ്രക്ഷോഭസമിതികളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകണം. കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയ സാഹചര്യത്തിൽ 10 ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടത്താനിരുന്ന ബഹുജനകൺവെൻഷൻ ഡിസംബറിലേയ്ക്ക് മാറ്റി. കരാറിൽ ഒപ്പിട്ടാൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങൾ വിദേശരാജ്യങ്ങളിൽ നിന്ന് നികുതിരഹിതമായി യഥേഷ്ടം ഇറക്കുമതി ചെയ്യുമായിരുന്നു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ അതിന്റെ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ കരാറിനെതിരെ പ്രതികരിക്കുന്നവരെയും പ്രതിഷേധിക്കുന്നവരേയും കുറ്റവാളികളാക്കാൻ കഴിയുമെന്നത് ഗൗരവകരമാണ്. കാർഷിക ഗ്രാമീണമേഖല വൻ പ്രതിസന്ധിയിലാണ്. കാർഷികമേഖലയിലെ പ്രക്ഷോഭങ്ങൾ സർക്കാരിന്റെ കണ്ണുതുറപ്പിച്ചെന്ന് കരുതുന്നു. കേരളത്തിലടക്കം ഉയർന്ന വിവിധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് താത്കാലികമായെങ്കിലും കരാറിൽ നിന്ന് പിന്മാറാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. സമിതി ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ്, ജനറൽ കൺവീനർ എം.കെ. ദിലീപ്, വൈസ് ചെയർമാന്മാരായ ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, കെ.ജി. ആന്റണി, കൺവീനർ കെ. സുരേഷ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.