ഇടുക്കി: പ്രധാന അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ മുന്നോടിയായി ജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിന് ജില്ലയിലെ അണക്കെട്ടുകളിൽ അപായ സൈറൺ സ്ഥാപിച്ചു. അണക്കെട്ടിന്റെ പരിസരത്ത് അഞ്ച് കിലോമീറ്റർ ദൂരം വരെ ഇതിന്റെ ശബ്ദം കേൾക്കാൻ കഴിയും. കൊച്ചിൻ ഫാക്ട് ആണ് സൈറണിന്റെ നിർമാതാക്കൾ. ഇന്നലെ രാവിലെ ഒമ്പത് കഴിഞ്ഞപ്പോൾ ചെറുതോണി ഡാമിലെ സൈറൺ സ്ഥാപിച്ച് ട്രയൽ റൺ നോക്കി. ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഭാഗത്തോട് ചേർന്നുള്ള കൺട്രോൾ റൂമിലാണ് സ്ഥാപിച്ചിരിക്കുന്നത്. 2018ൽ ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടായപ്പോൾ ഇടുക്കി അണക്കെട്ട് നിർമാണഘട്ടത്തിൽ ജോലി സമയം അറിയിക്കുന്നതിന് മഞ്ജിക്കവലയിൽ സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ സൈറണിൽ നിന്നാണ് അപായ സൂചന നൽകിയത്. സൈറൺ ട്രയൽ റണ്ണിന്റെ സ്വിച്ച് ഓൺ കർമം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ശിവരാമൻ നിർവഹിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി. സജീവൻ, അസിസ്റ്റന്റ് എൻജിനീയർ ലാലി പി. ബിജു, കൊച്ചിൻ ഫയർ ടെക് കമ്പനി പ്രൊജക്ട് മനേജർ അബൂബക്കർ സിദ്ധിക്ക് എന്നിവർ പങ്കെടുത്തു.
ആദ്യഘട്ടം മൂന്ന് ഡാമുകളിൽ
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട്, കല്ലാർ അണക്കെട്ട്, ഇരട്ടയാർ അണക്കെട്ട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സൈറൺ ഘടിപ്പിച്ചിരിക്കുന്നത്.