നെടുങ്കണ്ടം: എതിരെ വന്ന കാറിനെ ഇടിക്കാതെ വെട്ടിച്ച് മാറ്റിയ സ്‌കൂൾ കുട്ടികളുള്ള ആട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. കല്ലാർ ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികളായ തൂക്കുപാലം മരുതാനിയിൽ റോഷ്‌ന ജലീൽ (16), ചോറ്റുപാറ സ്വദേശി ശ്രീരാഗ് (14) എന്നിവർക്കാണ് പരിക്കേറ്റത്. സ്‌കൂളിലേയ്ക്ക് കുട്ടികളുമായി വന്ന ആട്ടോറിക്ഷ രാവിലെ ഒമ്പത് മണിയോടെ മുണ്ടിയെരുമയ്ക്ക് സമീപം പുഞ്ചിരി ജംഗ്ഷനിലെ ഇറക്കത്തിലെ വളവിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. വെട്ടിച്ച് മാറ്റുന്നതിന്റെ ഇടയിൽ ഓട്ടോ പുല്ലിലേയ്ക്ക് മറിയുകയായിരുന്നു.അഞ്ച് വിദ്യാർത്ഥികൾ അപകട സമയത്ത് ആട്ടോറിക്ഷയിൽ ഉണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റോഷ്‌നയ്ക്ക് തലയ്ക്കും തോളിനും പരിക്കേറ്റു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീരാഗിന് വീഴ്ചയിൽ ചതവുമുണ്ടായി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇരുവരെയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആട്ടോറിക്ഷ ഡ്രൈവറുടെ മക്കളും അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നു.