q

ചെറുതോണി: ഇടുക്കി താലൂക്ക് സപ്ലൈസ് ഓഫീസില്‍ എ.പി എല്‍. കാര്‍ഡ് ബി.പി.എല്‍. കാര്‍ഡാക്കി മാറ്റുന്നതിനുള്ള അപേക്ഷ നല്‍കുന്നതിന് ജനത്തിരക്ക് . ഇടുക്കി തലൂക്കിലുള്‍പ്പെട്ട കട്ടപ്പന മുനിസിപ്പാലിറ്റിയിലേയും ഒന്‍പത് പഞ്ചായത്തുകളിലുള്ള ജനങ്ങളാണ് അപേക്ഷ നല്‍കാന്‍ എത്തിയത്. ഇതോടെ അപേക്ഷകർ ഏറെ വലഞ്ഞു.നേരത്തെ അപേക്ഷ നല്‍കിയവരും പുതിയതായി നല്‍കാനുള്ളവരും അപേക്ഷ നല്‍കണമെന്നായിരുന്നു അറിയിച്ചിരുന്നത്. 300 പേര്‍ മാത്രമാണ് നേരത്തെ അപേക്ഷ നല്‍കിയിരുന്നത്. അതിനാലാണ് ഒറ്റദിവസം അപേക്ഷയുമായി വരാന്‍ പറഞ്ഞതെന്ന് സപ്ലൈ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആയിരത്തിലധികം പേർ അപേക്ഷയുമായി വന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ നിയന്ത്രിക്കാനായില്ല.. തിരക്ക് നിയന്ത്രണാതീതമായതോടെ ക്യൂ നില്‍ക്കാന്‍ ഉദ്യോഗസ്ഥരാവശ്യപ്പെട്ടു. ഓഫീസില്‍ നിന്ന് 200 മീറ്ററോളം നീളത്തില്‍ സ്ത്രീകള്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കേണ്ടിവന്നത് കൊച്ചുകുട്ടികളുമായെത്തിയ സ്ത്രീകളെ ബുദ്ധിമുട്ടിലാക്കി. പൊരിവെയിലത്ത് കുട്ടികളുമായി വന്ന സ്ത്രീകളില്‍ ചിലര്‍ക്ക് തലകറക്കവും കുട്ടികള്‍ക്ക് അസ്വസ്ഥതമൂലം ബഹളം ഉണ്ടാക്കുകയും ചെയ്തു. തിക്കും തിരക്കും വര്‍ദ്ധിച്ചതോടെ സമീപ പഞ്ചായത്തുകളായ വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം, പഞ്ചായത്തുകളിലുള്ളവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഏഴാം തീയതിയിലേയ്ക്ക് മാറ്റിയതിനെ തുടര്‍ന്നാണ് തിരക്ക് കുറഞ്ഞത്. ഇന്നലെ 600 പേരുടെ അപേക്ഷകള്‍ ലഭിച്ചതായി സപ്ലൈ ഓഫീസര്‍ പറഞ്ഞു.