ചെറുതോണി: ആർ.സി.ഇ.പി. കരാറിൽ നിന്നും പിൻമാറുവാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു സ്റ്റീഫൻ എക്‌സ് എം.എൽ.എ., ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ എന്നിവർ സ്വാഗതം ചെയ്തു. എല്ലാ ഇന്ത്യാക്കാരുടെയും താല്പര്യങ്ങൾ കണക്കിലെടുത്ത് വിലയിരുത്തിയപ്പോൾ ആർ.സി.ഇ.പി. കരാർ ഗുണകരമല്ലെന്നു കണ്ടുവെന്ന ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ അഭിപ്രായം അഭിമാനകരമാണ്.
കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷികളും ഇതരദേശീയസംസ്ഥാന പാർട്ടികളും കർഷക പ്രസ്ഥാനങ്ങളും തൊഴിലാളി യൂണിയനുകളും ചെറുകിട വ്യവസായികളും ഒറ്റയ്ക്കും കൂട്ടായും നടത്തിയ നിവേദനങ്ങളും സമരങ്ങളും രാഷ്ട്രീയ ഇടപെടലുകളും ഉൾക്കൊണ്ട് എടുത്ത തീരുമാനങ്ങളെ അഭിനന്ദിക്കുന്നു.ആർ.സി.ഇ.പി. കരാറിൽ ഒപ്പിടരുതെന്ന പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചപ്പോൾ കേരള ജനതയ്ക്കുവേണ്ടി ഒന്നിച്ചുനിന്ന് തീരുമാനമെടുത്ത് പ്രമേയം പാസാക്കിയ എല്ലാ എം.എൽ.എ.മാരെയും അവർക്ക് പിന്തുണ നൽകിയ രാഷ്ട്രീയകക്ഷികളെയും അവർ അഭിനന്ദിച്ചു.