അനുഗ്രഹീത ചലച്ചിത്രകാരൻ ലോഹിത ദാസിന്റെ 'നിവേദ്യം' സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തുവച്ച വിനു മോഹൻ, മോഹൻലാൽ നായകനായ ഇട്ടിമാണിയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. അടുത്തിടെ ഷൂട്ടിംഗ് പൂർത്തീകരിച്ച 'നാടൻ പ്രേമം' ഉടൻ തീയേറ്ററുകളിലെത്തുകയാണ്. അഭിനയ ജീവിതത്തിൽ 12 വർഷങ്ങൾ പൂർത്തിയാക്കിയ വിനുമോഹന് മുപ്പത് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. സൂപ്പർ ഹിറ്രായ പുലിമുരുകൻ, ജോമോന്റെ സുവിശേഷങ്ങൾ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുകയാണ് ഈ യുവനടൻ. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഒരുപാട് സംസാരിക്കാനുണ്ട്. വിനു മോഹൻ സിനിമയിലേക്ക് കടന്ന് വന്ന സാഹചര്യങ്ങളും പുതിയ വിശേഷങ്ങളും 'കേരള കൗമുദി'യോട് പങ്കുവയ്ക്കുന്നു.
ഷൂട്ട് കഴിഞ്ഞ നാടൻ പ്രേമം?
നാടൻ പ്രേമത്തിൽ ഒരു ഊമയായുടെ വേഷമാണ് ഞാൻ ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു കഥാപാത്രം ആദ്യമായിട്ടാണ് ഞാൻ ചെയ്യുന്നത്. ഗസ്റ്റ് റോളാണെങ്കിലും ഈ കഥാപാത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്. ഭയങ്കരമായ ഗിമ്മിക്കുകൾ ഒന്നും ഇല്ലാതെ വളരെ സോഫ്റ്റായി പറഞ്ഞ് പോകുന്ന ഒരു സ്റ്റോറിയാണ് ഇത്. ഇതിന്റെ സ്ക്രിപ്റ്റ് ചെയ്യുന്നതിൽ ഒരാളായ വിൻസെന്റ് ചേട്ടനെ എനിക്ക് നേരത്തെ പരിചയം ഉണ്ടായിരുന്നു. അദ്ദേഹം നാടൻ പ്രേമത്തിന്റെ സ്റ്റോറിയും അതിൽ എന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി, അങ്ങിനെ ഞാനും ഇതിന്റെ ഭാഗമായി.
സിനിമയോടുള്ള പാഷൻ?
കുട്ടിക്കാലം മുതൽ സിനിമയോട് എന്നതിലുപരിയായി അഭിനയത്തോട് ഏറെ താല്പര്യമുണ്ടായിരുന്ന ആളാണ് ഞാൻ. എന്റെ ചെറുപ്പത്തിൽ തന്നെ അച്ഛന് നാടക ട്രൂപ്പുണ്ടായിരുന്നു. എനിക്ക് അവധിയുള്ള ദിവസങ്ങളിൽ ഞാൻ അച്ഛന്റെ കൂടെ നാടക ട്രൂപ്പിൽ പോകുമായിരുന്നു. പല ഉത്സവപ്പറമ്പുകളിലും നാടകം നടക്കുമ്പോൾ സ്റ്റേജിന്റെ ഏറ്റവും മുന്നിൽ ഞാനുണ്ടാകും, അല്ലെങ്കിൽ നാടക ട്രൂപ്പിലുള്ളവരുടെ കൂടെ അതെല്ലാം കൗതുകത്തോടെ ശ്രദ്ധിച്ച് എവിടെയെങ്കിലും ഞാനുണ്ടാവുമായിരുന്നു. അത് എനിക്ക് വളരെ എക്‌സിപീരിയൻസായ കാര്യങ്ങളാണ്. ഇതെല്ലാം കുട്ടിക്കാലം മുതൽ അഭിനയത്തോട് എനിക്ക് ഏറെ താല്പര്യം തോന്നിച്ചിരുന്നു. 80-90 കാലഘട്ടങ്ങൾ പ്രൊഫഷണൽ നാടകങ്ങളുടെ സുവർണ്ണ കാലങ്ങളായിരുന്നു. ഇന്നത്തെ ജനറേഷന് വളരെ ചുരുക്കം ആളുകൾക്കാവും ഇത്തരത്തിലുള്ള പ്രൊഫഷണൽ നാടകത്തിന്റെ അനുഭവം ഉണ്ടായിട്ടുള്ളത്.
നിവേദ്യത്തിന് മുൻപ്?
നിവേദ്യത്തിന് മുൻപ് എന്റെ ആദ്യ സിനിമ അജന്തയായിരുന്നു. ചില സങ്കേതിക കാരണങ്ങളാൽ ഇത് വരെ ആ സിനിമ റീലീസായിട്ടില്ല. വിനയൻ അങ്കിളായിരുന്നു അതിന്റെ ഡയറക്ടർ. നാല് ഭാഷകളിൽ ഇറക്കാനായിരുന്നു ആ സിനിമ പ്ലാൻ ചെയ്തിരുന്നത്. ഈ സിനിമ ചെയ്ത് കഴിഞ്ഞ് ഏഴ് മാസങ്ങൾ കഴിഞ്ഞാണ് നിവേദ്യത്തിലേക്ക് എത്തപ്പെട്ടത്. 2017 ഓണ നാളുകളിലാണ് നിവേദ്യം റിലീസാകുന്നത്. സിനിമയിൽ വന്നിട്ട് 12 വർഷങ്ങൾ കഴിഞ്ഞു. ഇത് വരെ മുപ്പത് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. നിവേദ്യത്തിന് ശേഷം ഞാൻ ഭാഗമായ ഓണ നാളിൽ റിലീസായ സിനിമ ഇട്ടിമാണിയാണ്. ബാക്കി ഞാൻ ഭാഗമായിട്ടുള്ള സിനിമകളെല്ലാം ക്രിസ്തുമസ്, വിഷു തുടങ്ങി മറ്റുള്ള ദിവസങ്ങളിലാണ് തിയേറ്ററിൽ എത്തിയിട്ടുള്ളത്.
ഇത് വരെ ചെയ്ത സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ /കഥാപാത്രം?
ഞാൻ ചെയ്ത സിനിമകളിൽ എനിക്ക് ഇഷ്ടപെട്ട സിനിമകളും കഥാപാത്രങ്ങളുമാണ് എല്ലാം. എന്നാൽ ആദ്യ സിനിമയായ നിവേദ്യത്തിലെ മോഹന കൃഷ്ണൻ എനിക്ക് ഏറ്റവും ഇഷ്ടപെട്ടതാണ്. കാരണം ഒരു പുതുമുഖത്തെ സംബന്ധിച്ച് എല്ലാ തലങ്ങളെയും ടച്ച് ചെയ്ത സിനിമയും കഥാപാത്രവുമാണ് അത്. അതിൽ ഹ്യൂമറുണ്ട്, ഏറെ സെന്റിമെന്റലായ ഇമോഷൻസും, ക്ലാസിക്കൽ സോങ്ങും ഉൾപ്പടെ മറ്റ് കാര്യങ്ങളും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സിനിമകളിൽ ക്ലാസിക്കൽ സോങ്ങും അതിന്റെ വിഷ്വൽസും അപൂർവ്വമായിട്ടാണ് ഉൾപ്പെടുത്തുന്നത്. അത്‌കൊണ്ട് നിവേദ്യം എന്ന എന്റെ ആദ്യ സിനിമയോട് സ്വാഭാവികമായി കൂടുതൽ ഇഷ്ടം തോന്നുന്നുണ്ട്. അത്തരത്തിലൊരു സിനിമ തുടക്കത്തിൽ തന്നെ കിട്ടിയത് എന്റെ ഒരു ഭാഗ്യം മാത്രമാണ്. അത് പോലെ മമ്മുക്കയുടെ ചട്ടമ്പിനാട്, ലലേട്ടന്റെ പുലിമുരുകൻ, കേരളോത്സവം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ഏറെ ഇഷ്ടമാണ്. ഒരോ കഥാപാത്രങ്ങളോടും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇഷ്ടമുണ്ട്.
ലോഹിതദാസ് എന്ന പ്രതിഭയുടെ സിനിമകളിൽ ഏറ്റവും ഇഷ്ടം?
അദ്ദേഹത്തിന്റെ തിരക്കഥയാണെങ്കിൽ കിരീടം, വാത്സല്യം. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഭൂതക്കണ്ണാടിയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്. ഇതിലെല്ലാം അദ്ദേഹത്തിന് പരിചയമുള്ള അല്ലെങ്കിൽ അദ്ദേഹത്തിന് നേരിട്ട് അറിയാവുന്ന കഥാപാത്രങ്ങളാണ് കൂടുതലായി സ്‌ക്രീനിൽ കാണാൻ സാധിച്ചിരുന്നത്. കഥയ്ക്കാണ് പ്രാധാന്യം. ഒരു സിനിമയുമായി ഡയറക്ടർ അല്ലെങ്കിൽ മറ്റുള്ളവർ എന്നെ സമീപിക്കുമ്പോൾ ആദ്യ പരിഗണന അതിന്റെ കഥയ്ക്കാണ്. ചിലയവസരങ്ങളിൽ തിരക്കഥ കേൾക്കുമ്പോൾ നല്ല സിനിമയുടെ ഫീലിംഗ്‌സ് നമുക്ക് തോന്നും.എന്നാൽ ചിലപ്പോൾ നമ്മളോട് ഒരാൾ കഥ പറയുന്ന രീതിയിലായിരിക്കില്ല അവസാനം വിഷ്വൽസ് എടുക്കുന്നത്. അതിൽ നിന്നൊക്കെ ഒരുപാട് മാറ്റങ്ങൾ ഉൾപ്പെടുത്തിയാകും സിനിമ പൂർണ്ണമാകുന്നത്. ഒരു നല്ല ഡയറക്ടർ ഒരിക്കലും ഒരു മോശം തിരക്കഥയുമായി ഒരു ആർട്ടിസ്റ്റിനെ സമീപിക്കില്ല എന്നാണ് എന്റെ വിശ്വാസം.
സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ?
പഠനം കഴിഞ്ഞ് മറ്റൊരു മേഖല ആലോചിക്കുന്നതിനു മുൻപ് ഞാൻ സിനിമയിൽ എത്തിപ്പെട്ടു. എന്നാലും എന്റെ ആക്ടിവിറ്റീസിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു മേഖല എന്തെങ്കിലും സോഷ്യൽ ആക്ടിവിറ്റീസുകൾ ചെയ്യുക എന്നതാണ്. സ്‌കൂൾ പഠന സമയത്ത് ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഒരു ഓർഗനൈസേഷൻ രൂപീകരിച്ച് അതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കൂടാതെ തെരുവോരത്തിന്റെ ഭാഗമായി ചില സോഷ്യൽ ആക്ടിവിറ്റീസുകൾ ചെയ്യുന്നുണ്ട്. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഇതുപോലുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമായിരുന്നു.
ഏതെങ്കിലും ഡയറക്ടർമാരുടെ സിനിമയിൽ അഭിനയിക്കണം എന്ന് അതിയായി ആഗ്രഹിച്ചിട്ടുണ്ടോ?
തീർച്ചയായും. സത്യൻ അങ്കിളിനോടൊപ്പം (സത്യൻ അന്തിക്കാട് ) ഒരു സിനിമ ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്നു. ഇടക്ക് കാണുമ്പോൾ മിക്കപ്പോഴും അദ്ദേഹത്തോട് അക്കാര്യം ഞാൻ സൂചിപ്പിച്ചിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പറയും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് എന്ന്. ലോഹി സാറിനോടൊപ്പം പ്രവർത്തിക്കുമ്പോഴെല്ലാം സത്യൻ അങ്കിളിന്റെ കാര്യങ്ങൾ കൂടുതലായി ഞാൻ അറിയുന്നുണ്ടായിരുന്നു. ജേമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലൂടെ അത് സാക്ഷാൽക്കരിച്ചു. പിന്നെ ജോഷി സാർ, ദിലീഷ് പോത്തൻ അങ്ങനെ ഒരുപാട് ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്.
സിനിമ ഇല്ലാത്ത സമയങ്ങൾ?
സിനിമ ഇല്ലാത്ത സമയങ്ങളിൽ കുടുംബത്തോടൊപ്പമുള്ള യാത്രകൾ ഏറെ ഇഷ്ടമാണ്. ഇപ്പോൾ കൂടുതലും ഞാനും വൈഫും ഒതുങ്ങുന്ന യാത്രകളാണ് സംഭവിക്കുന്നത്. ഞങ്ങൾ ഒരുമിച്ചുള്ള യാത്രകൾ പെട്ടന്ന് പ്ലാൻ ചെയ്യുന്നതായിരിക്കും. അല്ലെങ്കിൽ വീട്ടിൽ തന്നെ ഇരിക്കും.
സിനിമയിൽ ക്യാമറക്ക് മുന്നിൽ നിന്ന് പിന്നിലേക്ക് വരുവാനുള്ള സാധ്യത?
സിനിമയിലായാലും നാടകത്തിലായാലും കുട്ടിക്കാലം മുതൽ അഭിനയത്തോടൊപ്പം അതിന്റെ സങ്കേതിക വശങ്ങൾ കൂടി അറിയാൻ കൗതുകം തോന്നിയിരുന്നു. അച്ഛൻ നാടകം സംവിധാനം ചെയ്യുമ്പോൾ മിക്ക സമയങ്ങളിലും ഞാനും കൂടെയുണ്ട്.അത് കൊണ്ട് സിനിമയിൽ സംവിധാനത്തോടും താല്പര്യം ഉണ്ട്. പക്ഷെ, എന്റേതായിട്ടുള്ള ഒരു ഔട്ട് പുട്ട് കൊടുക്കാൻ സാധിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ടാകുമ്പോഴാണ് ആ മേഖലയുമായി ഞാൻ ബന്ധപ്പെടുകയുള്ളു. കാരണം ഒരു സംവിധായകൻ അല്ലെങ്കിൽ ഒരു തിരക്കഥാകൃത്ത് എന്നൊക്കെ പറയുമ്പോൾ അതുമായി കൂടുതൽ പഠിച്ച് കൂടുതലായി ഹോം വർക്ക് ചെയ്തിട്ട് വേണം ആ മേഖല ഏറ്റെടുക്കാൻ.
കുടുംബത്തിലുള്ളവരുടെ നാടകം സിനിമ മറ്റുള്ള കലാപ്രവർത്തനങ്ങൾ?
അവരുടെ പ്രവർത്തനങ്ങൾ കാരണം സിനിമയിൽ തുടക്കം മുതൽ എനിക്ക് ഒരു അപരിചിത്വം തോന്നിപ്പിച്ചിട്ടില്ല. എന്നാൽ അപ്പൂപ്പൻ (കൊട്ടാരക്കര ശ്രീധരൻ നായർ) മാമൻ (സായികുമാർ), അമ്മ (ശോഭ മോഹനൻ ) ഇവരൊക്കെ സിനിമയിൽ ബന്ധമുള്ളവരാണെങ്കിലും ഞാൻ സിനിമയിൽ എത്തപ്പെട്ടതിന്റെ മാനദണ്ഡം ഇവരൊന്നുമല്ല. എന്നാൽ ഇവരുടെയെല്ലാം കൂടെ ചെറുപ്പം മുതൽ സിനിമ ലെക്കേഷനിലെല്ലാം പോകുമായിരുന്നതിനാൽ സിനിമയുടെ തുടക്കത്തിൽപോലും എനിക്ക് ഒരു അപരിചിതത്വം തോന്നിയിട്ടില്ല.
പുതിയ പ്രോജക്ട് ?
ഞാൻ ചെയ്യുന്ന പുതിയ സിനിമയുടെ അനൗൺസ്‌മെന്റ് അടുത്ത് തന്നെയുണ്ടാവും, അതിന്റെ പേരും അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. അത് വരെ അതൊരു സസ്‌പെൻസായി നിൽക്കട്ടെ.