തൊടുപുഴ: ന്യൂമാൻ കോളേജും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും ചേർന്ന് സുവോളജി വിദ്യാർത്ഥികൾക്കായി പഠനവും പ്രതിരോധവും പദ്ധതി ആരംഭിച്ചു. വിദ്യാർത്ഥികളുടെ സഹകരണത്തോടെ രോഗ വാഹകരായ പ്രാണികളെ തിരിച്ചറിയുകയും തുടർന്ന് പ്രതിരോധ പ്രവർത്തനം ജില്ലയിൽ ശക്തമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോളേജ് ആഡിറ്റോറിയത്തിൽ നടന്ന പരിശീലനം പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എന്റോമോളജിസ്റ്റ് സന്തോഷ്‌ ജോർജ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്,​ ഹെൽത്ത്‌ സൂപ്പർവൈസർ എം.എം സോമി,​ എച്ച്.ഐ സുനിൽകുമാർ എം. ദാസ്,​ സുവോളജി ഹെഡ് ജിഷ ജേക്കബ് എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ മലേറിയ ഓഫീസർ ടി. സുരേഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി.