മറയൂർ: കാന്തല്ലൂർ ആണിവര മലയുടെ അടിഭാഗത്തെ കുന്നുകൾ സ്വകാര്യ വ്യക്തി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി. നിർമ്മാണം നടക്കുന്ന പട്ടിശ്ശേരി അണക്കെട്ടിന്റെ മുകൾ ഭാഗത്തായാണ് പത്ത് ഏക്കറോളം വിസ്തൃതിയിൽ കുന്നുകൾ ഇടിച്ച് നിരത്തിയിരിക്കുന്നത്. രണ്ടാഴ്ച്ചയിലധികമായി പരിസ്ഥിതി പ്രാധാന്യമുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഭൂമിയുടെ ഘടനയിൽ വലിയമാറ്റം വരുത്തിയിട്ടും ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് സി പി എം കാന്തല്ലൂർ ലോക്കൽ കമ്മറ്റി, ഡി വൈ എഫ് ഐ എന്നിവയുടെ പരാതി പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പൊലീസ് എത്തി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുന്ന് ഇടിച്ച് നിരത്തുന്നത് തടഞ്ഞു. കൃഷി ചെയ്യാൻ എന്ന പേരിൽ കുന്നുകൾ നിരത്തിയ ശേഷം കെട്ടിടങ്ങൾ നിർമ്മിച്ച് വിൽപന നടത്തുന്ന തന്ത്രമാണ് കാന്തല്ലൂർ മേഖലയിൽ സ്ഥിരമായി നടന്നു വരുന്നത്. അതീവ പരിസ്ഥിതി പ്രാധന്യമുള്ള പ്രദേശമായതിനാൽ ഗ്രാന്റീസ് മരങ്ങൾ മുറിച്ച് നീക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ കുറ്റികൾ മണ്ണമാന്തി യന്ത്രം ഉപയോഗിച്ച് പിഴുതു മാറ്റാൻ പാടില്ല എന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ളതുമാണ്.
കാന്തല്ലൂർ മേഖലയിലെ ഏറ്റവു അധികം ഉയരമുള്ള മേഖലയാണ് ആണിവര മല ബലം കുറഞ്ഞ പാറകൾ നിറഞ്ഞ പ്രദേശത്ത് ഇവ അടർന്ന് വീഴാനും സാദ്ധ്യത ഏറെയാണ്. പല സ്ഥലങ്ങളും സ്വകാര്യ വ്യക്തികൾ കൈയ്യടക്കി പലവിധത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഏക്കർ കണക്കിന് പ്രദേശത്താണ് ചട്ടങ്ങൾ ഒന്നും പാലിക്കാതെ ഇടിച്ചു നിരത്തലും കെട്ടിട നിർമ്മാണവും പുരോഗമിക്കുന്നത്.