ഇടുക്കി : ജില്ലയിൽ പോക്‌സൊ കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതി അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി പോക്‌സൊ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു. ഗ്രാമസഭ മുതൽ ഗ്രാമ ബ്ലോക്ക് ജില്ലാതലത്തിൽ മുന്നു മാസത്തിലൊരിക്കൽ ശിശു സംരക്ഷണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം. പോക് സൊ കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സമയ ബന്ധിതമായി ഒരുക്കണം. തോട്ടം മേഖലകളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിലും പോക്‌സൊ നിയമ ബോധവൽക്കരണം വ്യാപിപ്പിക്കണമെന്നും എം.പി.നിർദ്ദേശിച്ചു. ജില്ലാ ശിശുസംരക്ഷണ സമിതികളുടെ സംയുക്ത യോഗം അടിയന്തരമായി വിളിച്ചു ചേർക്കുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ എച്ച്.ദിനേശൻ പറഞ്ഞു. ബി. സുനിൽ ദത്ത് (ജില്ലാ ഗവ. പ്ലീഡർ), കെ.ആർ. ജനാർദ്ദനൻ (സെക്രട്ടറി ജില്ലാ ശിശുക്ഷേമ സമിതി), പി.ബി വാഹിദ (സ്‌പെഷ്യൽ പ്രോസിക്യൂട്ടർ, പോക്‌സോ), കെ. ആന്റണി ( ഡിവൈ.എസ്.പി ക്രൈംബ്രാഞ്ച്), പ്രിന്റോ മാത്യു (കോർഡിനേറ്റർ ചൈൽഡ് മീ , ഇടുക്കി), അഡ്വ. എച്ച്. കൃഷ്ണകുമാർ (ശിശുക്ഷേമ സമിതി അംഗം), എൻ. സതീഷ്‌കുമാർ ( ജില്ലാ ഇൻഫർമേഷൻ ഓഫീസർ) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.