തൊടുപുഴ: '' 20 ഏക്കറോളം സ്ഥലമുള്ള ഏലകർഷകന്റെ തോട്ടത്തിൽ ഒരു ദിവസം വില്ലേജ് ഓഫീസിൽ നിന്നെന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെത്തുന്നു. തോട്ടത്തിലെ തൊഴിലാളികളുടെ താമസസ്ഥലവും സ്റ്റോർ റൂമും പരിശോധിച്ച ശേഷം 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടം പൊളിച്ചുകളയണമെന്ന് ആവശ്യപ്പെട്ടു- വണ്ടന്മേട്ടിലെ ഏലകർഷകൻ പറയുന്നു. ഇതിന്റെ യാഥാർത്ഥ്യം കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലിറങ്ങിയ രണ്ട് ഭൂവിനിയോഗ ഉത്തരവുകൾ ഇടിത്തീയാകുമെന്ന ഭീതിയിലാണ് മലയോരജനത. 1500 ചതുരശ്രയടി വിസ്തീർണത്തിൽ കൂടുതലുള്ള വാസ ഗൃഹങ്ങളും വാണിജ്യ സ്ഥാപനങ്ങളും പണി കഴിപ്പിച്ചിരിക്കുന്ന ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത് കെട്ടിടങ്ങൾ പിടിച്ചെടുത്ത് പാട്ട വ്യവസ്ഥയിൽ തിരികെ നൽകുമെന്നുള്ള വിവാദ ഉത്തരവും എട്ടു വില്ലേജുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യു വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാക്കിയുള്ള ഉത്തരവുകളാണ് കുരുക്കായിരിക്കുന്നത്. ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾ മലനാടിന് മേൽ തീർത്ത കാർമേഘങ്ങളേക്കാൾ ഇരുണ്ടതാണ് ഈ നിയമങ്ങളെന്ന് കർഷകർ പതിയെ തിരിച്ചറിയുന്നുണ്ട്. വാണിജ്യ- സാമ്പത്തിക മേഖലയെ ഉത്തരവ് കാര്യമായി ബാധിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും നിലച്ചമട്ടാണ്. പുതിയ കെട്ടിടനിർമാണത്തിനൊന്നും അനുമതി ലഭിക്കാത്ത സ്ഥിതിയാണ്. വാണിജ്യആവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണത്തിന് വില്ലേജ് ഓഫീസറുടെ എൻ.ഒ.സി ലഭിക്കുന്നില്ല. സ്ഥലകച്ചവടങ്ങളും ഹൈറേഞ്ചിൽ പകുതിയായി കുറഞ്ഞു. എന്തിന് നല്ലൊരു വിവാഹ ആലോചന പോലും മല കയറി വരുന്നില്ലെന്നാണ് ഇവരുടെ സങ്കടം. പ്രതിപക്ഷപാർട്ടികൾ ഹർത്താലടക്കമുള്ള ശക്തമായ സമരങ്ങൾ നടത്തുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തുന്നില്ല.

ഇടുക്കിയെ സ്പെഷ്യൽ സോണാക്കി മാറ്റണമെന്ന് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ

സർക്കാരുകൾ ഉത്തരവുകൾ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസമാകുന്ന സാഹചര്യത്തിൽ ഇടുക്കിയെ കേന്ദ്രത്തിന്റെ ശ്രദ്ധ കിട്ടുന്ന സ്‌പെഷൽ സോണാക്കി മാറ്റണമെന്ന് വണ്ടന്മേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്പെഷ്യൽ സോണാക്കിയാൽ ജില്ലയുടെ വികസനത്തിനു പുറമെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ആശങ്ക ഒഴിവാക്കാനാകും. ഏലം, കുരുമുളക്, ഇഞ്ചി, ജാതി, ഗ്രാമ്പൂ, മഞ്ഞൾ, വാനില തുടങ്ങിയ സുഗന്ധ വിളകളും തേയില, കാപ്പി, റബർ തുടങ്ങിയവ തോട്ടം വിളകളും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള കമ്മോഡിറ്റി ബോർഡുകളുടെ നിയന്ത്രണത്തിലായതിനാൽ കേന്ദ്ര സർക്കാരിന്റെ കാർഷിക ആനുകൂല്യങ്ങൾ കൂടുതൽ സുതാര്യമായി ലഭിക്കും. എട്ടു വില്ലേജുകളിൽ കേരള ഭൂ പതിവു ചട്ടങ്ങൾക്ക് വിരുദ്ധമായി പുറപ്പെടുവിച്ച ഉത്തരവുകൾ നീക്കം ചെയ്യുന്നതിന് അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ജില്ലയ്ക്ക് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജില്ലയിൽ വാണിജ്യ സ്ഥാപനങ്ങൾക്കായി പട്ടയം നൽകിയിട്ടില്ല. കൃഷിയ്ക്കും അനുബന്ധ കാര്യത്തിനുമായി നൽകിയിട്ടുള്ള ഭൂമിയിലാണ് സ്‌കൂളുകളും ആരാധനാലയങ്ങളും വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഇതെല്ലാം ഏറ്റെടുക്കുന്ന സ്ഥിതി വിശേഷം വരുന്നത് എന്ത് ഭരണപരിഷ്‌ക്കാരമാണെന്നു സർക്കാർ വ്യക്തമാക്കണം. ഏലം കർഷകരെ സംബന്ധിച്ച് കൃഷിയിടത്തിൽ ഏലം സ്റ്റോർ, തൊഴിലാളി ലയങ്ങൾ എന്നിവയെല്ലാം നിർമിക്കാനാവാത്ത സ്ഥിതി വരും. മൂന്നാറിനു മാത്രമായുള്ള ഉത്തരവിന്റെ മറവിൽ ജില്ല മുഴുവൻ ഇത് ബാധകമാക്കി കർഷകരെ ദ്രോഹിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഗ്രോവേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.