ചിന്നക്കനാൽ: ഗതാഗതം നിലച്ച് ഒറ്റപ്പെട്ട് കിടക്കുന്ന ചിന്നക്കനാലിൽ നിന്ന് പുറംലോകവുമായി ബന്ധപ്പെടുന്നതിന് സമാന്തര പാത തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ രക്ഷാസമിതി രൂപീകരിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേയ്ക്ക്.ദേശീയപാത 85ലെ ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിലുണ്ടായതോടെയാണ് ചിന്നക്കനാലുകാർ ഒറ്റപ്പെട്ടത്. ജനകീയ സമതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് നിർമ്മാണം നടന്നിരുന്ന ദേശീയ 85ൽ ഗ്യാപ്പ് റോഡ് ഭാഗത്ത് വൻ മലയിടിച്ചിൽ ഉണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലയ്ക്കുകയും ചെയ്തു. ഇതോടെ ചിന്നക്കനാൽ പഞ്ചായത്തിലുള്ള ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് റോഡില്ലാത്ത അവസ്ഥയാണ്.മൂന്നാറിലും, പൂപ്പാറയിലുമടക്കം എത്തിപ്പെടുന്നതിന് കിലോമീറ്ററുകൾ
ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ദേവികുളം- ഓഡി കെ റോഡ് സമാന്തരപാതയായി തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയെങ്കിലും നപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിലവിൽ
നാട്ടുകാരുടെ നേതൃത്വത്തിൽ ചിന്നക്കനാൽ ജനകീയ രക്ഷാ സമിതി രൂപീകരിച്ച് സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് നിവേദനം നൽകും

സമാന്തര പാത തുറക്കുന്നതിനൊപ്പം ദേശീയപാതയുടെ നിർമ്മാണവും പഞ്ചായത്തിലെ മറ്റ് റോഡുകളുടെ ശോചനീയാവസ്ഥയും അടിയന്തരമായി പരിഹരിക്കണം. ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാണ്ടി അടുത്ത ദിവസം ജനകീയ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകും.

ജനകീയ രക്ഷാസമിതി

ഫാ. വിക്ടർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാനായി യോശുദാസിനെയും, കൺവീനറായി വി.എക്‌സ്. ആൽബിൻ, രക്ഷാധികാരികളായി ഫാ. കുരുവിള അഗസ്റ്റ്യൻ, ഫാ. ചാക്കോച്ചൻ, മണി, മുത്തയ്യനാടാർ, കറുപ്പായി, ജോയിന്റ് കൺവീനറായി ഷോജി, വെസ്‌ചെയർമാനായി മുരുകപാണ്ടി, സെക്രട്ടറിയായി അഡ്വ. ബ്രിട്ടേ അലക്‌സ്, ജോയിന്റ് സെക്രട്ടറി അഡ്വ. രശ്മി ധനരാജ്, ട്രഷററായി ജോയി ജോർജ്ജ്, പബ്ലിസിറ്റി കോഡിനേറ്റർ ടൈറ്റ്‌സൺഎന്നിവരെയും തിരഞ്ഞെടുത്തു.

"അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പൂപ്പാറയിൽ ദേശീയപാത ഉപരോധമടക്കമുള്ള സമര പരിപാടികൾക്കും നേതൃത്വം നൽകും

ജനകീയ രക്ഷാസമിതി