road

രാജാക്കാട്: പ്രളയത്തിൽ തകർന്ന എല്ലക്കൽ- പൊട്ടൻകാട് റോഡ് പുനർനിർമ്മിക്കാൻ ഇതുവരെ നടപടിയില്ല. 2018ലുണ്ടായ പ്രളയത്തിൽ മാട്ടുപെട്ടി അണക്കെട്ട് തുറന്ന് വിട്ടപ്പോൾ മുതുരപ്പുഴയാറ് കരകവിഞ്ഞാണ് എല്ലക്കല്ല് പാലത്തിൽ നിന്ന് പൊട്ടൻകാടിന് പോകുന്ന റോഡിന്റെ വശമിടിഞ്ഞത്. നാട്ടുകാർ ചേർന്ന് ഇടിഞ്ഞ ഭാഗത്ത് കല്ലിട്ട് നികത്തി താത്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ ചെറിയ മഴ പെയ്താൽ വെള്ളം കയറിയും വശമിടിഞ്ഞും ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെടും. അപകടക്കെണിയായ ഈ റോഡിലൂടെയാണ് നിരവധി സ്‌കൂൾ ബസുകളടക്കം കടന്നുപോകുന്നത്. നിലവിൽ റോഡിനോട് ചേർന്നിരിക്കുന്ന വീടും അപകട ഭീഷണിയിലാണ്. നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിലടക്കം എത്തുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതിനും സാദ്ധ്യതയേറെയാണ്.