"എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം " പദ്ധതിയുമായി ആരോഗ്യ വകുപ്പ്
തൊടുപുഴ: രോഗം വന്നിട്ട് ചികിത്സ തേടി അലയുന്നതിന് പകരം രോഗം വരാതിരിക്കാനുളള കർമ്മ പദ്ധതി കൂടി ആരോഗ്യ വകുപ്പ് അവതരിപ്പിക്കുന്നു. " എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം" എന്ന ടാഗോടെയാണ് പൊതു സ്ഥലങ്ങളിൽ ജിംനേഷ്യം സ്ഥാപിച്ച് ആരോഗ്യ വകുപ്പ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.സംസ്ഥാനത്തെ പതിനാല് ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട പൊതു സ്ഥലങ്ങളിൽ അടുത്ത ഫെബ്രുവരിയോടെ പ്രാബല്യത്തിൽ വരുന്ന പദ്ധതി പൊതുജനത്തിന് സൗജന്യമായി ഉപയോഗിക്കാവിന്ന രീതിയിലാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.എല്ലാ ജില്ലകളിലും ജില്ലാ ഹെഡ്ക്വാട്ടേഴ്സ്, തിരഞ്ഞെടുക്കപ്പെട്ട ഒരു നഗരസഭ,മൂന്ന് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ജിംനേഷ്യം സ്ഥാപിക്കുന്നത്.അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും ഇതിന്റെ മേൽനോട്ടചുമതല.ഉപകരണങ്ങളുടെ അറ്റകുറ്റ പണികൾക്ക് ഓരോ വർഷവും ആരോഗ്യ വകുപ്പ് ഫണ്ട് നൽകും.കളക്ടറുടെ നേതൃത്വത്തിലുളള പ്രത്യേക സമിതിയാണ് ഓരോ ജില്ലകളിലും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത്.വായു മലിനീകരണം ഇല്ലാത്ത,കൂടുതൽ ജനത്തിന് എളുപ്പം എത്തിപ്പെടാൻ കഴിയുന്ന എന്നിങ്ങനെയുളള മാനദണ്ഡങ്ങളോടെയാണ് സ്ഥലം കണ്ടെത്തുന്നത്.വെയിലും മഴയുമേറ്റാൽ കേടാകാത്തതും എല്ലാ വിഭാഗം ജനത്തിനും ഉപയോഗിക്കാൻ കഴിയുന്ന പൊതുവായ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും സ്ഥാപിക്കുന്നത്.ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന്റേയും ഉപയോഗിക്കുന്നതിന്റെയും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പദ്ധതി നടപ്പിലാക്കുന്ന ഓരോ സ്ഥലങ്ങളിലും പ്രദർശിപ്പിക്കും.പദ്ധതി പ്രദേശത്ത് വഴി സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ അത് സജ്ജമാക്കും.രാവിലെ മുതൽ രാത്രി വരെയുളള സമയങ്ങളിൽ ഏത് പ്രായക്കാർക്കും ഇതിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും.സ്ത്രീകൾക്ക് പ്രത്യേക സമയവും സൗകര്യവും സജ്ജമാക്കും.ഓരോ ജില്ലകളിലേയും ജില്ലാ ഹെഡ്ക്വാർട്ടേഴ്സിനോടനുബന്ധിച്ച് ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നതിന് നാല് ലക്ഷം തിരഞ്ഞെടുക്കപ്പെട്ട നഗരസഭകളിൽ മൂന്നര ലക്ഷം പഞ്ചായത്തുകളിൽ രണ്ടര ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിക്കുന്നത്.ഓരോ സ്ഥലത്തിനും അനുയോജ്യമായ ഉപകരണങ്ങൾ ഇ ടെണ്ടറിലൂടെയാണ് ആരോഗ്യ വകുപ്പ് വാങ്ങുന്നത്.ഇതിന്റെ നിയന്ത്രണം പദ്ധതി നടപ്പിലാക്കുന്ന അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും.
ജില്ലയിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നത് -
1- ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്,പൈനാവ്
2- തൊടുപുഴ നഗരസഭ
3-അറക്കുളം
4-ചിത്തിരപുരം
5-ഉടുമ്പൻചോല
"കൊളസ്ട്രോൾ,രക്തസമ്മർദ്ദം,പ്രമേഹം,തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ ഇല്ലാതാക്കുക,പതിവായി വ്യായാമം ചെയ്യാൻ ജനത്തിന് പ്രോത്സാഹനം നൽകി രോഗങ്ങളിൽ നിന്ന് ജനത്തിനെ അകറ്റി നിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
പ്രിയ എൻ, ജില്ലാ മെഡിക്കൽ ഓഫീസർ