കട്ടപ്പന: ബാങ്കോങ്കിൽ നടന്ന ആർ.സി.ഇ.പി ഉച്ചകോടിയിൽ നിന്ന് ഇന്ത്യ പിന്മാറിയത് വെറും അടവ് നയമാണെന്ന് ചെറുകിട കർഷക ഫെഡറേഷൻ. ഒരു ചുവട് പിന്നോട്ട്മാറി രണ്ട് ചുവട് മുന്നോട്ട് കുതിക്കുന്ന അഭ്യാസിയുടെ മെയ്‌വഴക്കമാണ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രതിനിധികൾ സ്വീകരിച്ചത്. 16 രാജ്യങ്ങളിൽ ഇന്ത്യ ഒഴികെയുള്ള മറ്റ് രാജ്യങ്ങൾ പിന്നീട് നടത്തിയ വാർത്താക്കുറിപ്പിൽ നിന്ന് ഇതാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ കർഷക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദ്ദഫലമായാണ് താത്കാലികമായി പിൻമാറുന്നതെന്നുള്ള പ്രസ്താവന ഇതിനുദാഹരണമാണ്. ആസിയാൻ ഗാട്ട് കരാർ ഉൾപ്പെടെയുള്ള 17 കരാറുകളിലും അടിതെറ്റി വീണ കർഷകർക്ക് കണ്ണീരായി മാറുമായിരുന്ന ആർ.സി.ഇ.പി പൂർണമായും പിൻവലിക്കണം. കച്ചവട താത്പര്യം മുൻനിറുത്തി വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇടം കൊടുത്ത നാട്ടുരാജാക്കൻമാരുടെ ഗതിയിലേയ്ക്ക് ചൈന ഇന്ത്യയെ കൊണ്ടെത്തിക്കും. താത്കാലിക പിൻമാറ്റത്തെ തുടർന്ന് ചെറുകിട കർഷക ഫെഡറേഷൻ നടത്തി വന്ന സമരപരിപാടികൾ നിറുത്തി വയ്ക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ വൈ.സി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ടോമി തെങ്ങുംപള്ളിൽ, രാജേന്ദ്രൻ മാരിയിൽ, സെബാസ്റ്റ്യൻ ജോർജ്ജ്, പി.പി. മാത്യൂ, ലാൽ ടി.ജെ എന്നിവർ പ്രസംഗിച്ചു.