തൊടുപുഴ: ആരോഗ്യത്തിന് ഹാനികരമാകുംവിധം പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആഹാര സാധനങ്ങൾ പാചകം ചെയ്യുകയും ചെയ്ത കാറ്ററിംഗ് യൂണിറ്റ് നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചു. 10,000 രൂപ പിഴയും അടപ്പിച്ചു. ഒളമറ്റത്തുള്ള ഗോൾഡൻ ഫീസ്റ്റ് കാറ്ററിംഗ് യൂണിറ്റാണ് പൂട്ടിച്ചത്. മുനിസിപ്പൽ ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഒരു ലോഡോളം മാലിന്യം കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യ വിഭാഗം ഇവിടെ പരിശോധിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ ഭക്ഷണാവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോ‌ർഡിന്റെ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. തുടർന്ന് മുനിസിപ്പൽ ലൈസൻസ് എടുത്ത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനു ശേഷം സ്ഥാപനം പ്രവർത്തിച്ചാൽ മതിയെന്ന നിർദേശവും നൽകി. മാലിന്യം കത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. പരിശോധനയ്ക്ക് എച്ച്‌.ഐമാരായ എസ്. പ്രവീൺ, തൗഫീഖ് ഇസ്മായിൽ, ജെ.എച്ച്‌.ഐമാരായ അഖില എസ്. ശങ്കർ, അശ്വതി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.