തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 62-ാമത് സംസ്ഥാന സമ്മേളനം 9, 10 തീയതികളിൽ തൊടുപുഴ ഉത്രം റീജിയൻസിയിൽ നടക്കും. ''നീലക്കുറിഞ്ഞി 2019'' എന്ന് പേര് നൽകിയിരിക്കുന്ന സമ്മേളനത്തിൽ മൂവായിരത്തിലധികം ഡോക്ടർമാരും കുടുംബാംഗങ്ങളും പങ്കെടുക്കും. ശനിയാഴ്ച്ച രാവിലെ എട്ടിന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും. ഹൃദയരോഗം, ശ്വാസകോശരോഗം, ഉദരരോഗം, ശിശുരോഗം, കാൻസർ, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ഡോക്ടർമാർ നയിക്കുന്ന സെമിനാറുകൾ വൈകിട്ട് ആറ് വരെ നടക്കും.തുടർന്ന് വേർപിരിഞ്ഞ ഡോക്ടർമാർക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ടുള്ള മെമ്മോറിയൽ സർവീസ്, കാലാസാംസ്‌കാരികമേള. ഞായറാഴ്ച്ച രാവിലെ പത്തിന് ചേരുന്ന പൊതുസമ്മേളനം ഐ.എം.എ നിയുക്ത ദേശീയ പ്രസിഡന്റ് ഡോ. രാജൻ ശർമ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, മുൻസിപ്പൽ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി, വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിക്കും. തുടർന്ന് പുതിയ ഐ.എം.എ സംസ്ഥാന പ്രസിഡന്റായി ഡോ. അബ്രാഹം വർഗീസും സീനിയർ വൈസ് പ്രസിഡന്റായി അബ്രാഹം സി. പീറ്ററും മറ്റു ഭാരവാഹികളും സ്ഥാനമേൽക്കും.

ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എബ്രാഹം സി. പീറ്റർ,ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. അജി പി.എൻ, ഐ.എം.എ തൊടുപുഴ പ്രസിഡന്റ് ഡോ. സി.വി. ജേക്കബ്, സെക്രട്ടറി ഡോ. സോണി തോമസ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ. തോമസ് മാത്യു, കൺവീനർ ഡോ. പി. സി. ജോർജ്ജ്,സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പർ ഡോ. സുദർശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.