കട്ടപ്പന: ഭൂമിപതിവ് ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ കൊണ്ടുവരണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2011 മുതൽ 2016 വരെ അധികാരത്തിലിരുന്ന യു.ഡി.എഫ് സർക്കാർ ഹൈക്കോടതി ഉത്തരവ് മൂലമുണ്ടായ നിർമാണ പ്രതിസന്ധി പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. യു.ഡി.എഫിന്റെ പിൻബലത്തോടെ എൻ.ഒ.സി ഇല്ലാതെ 330 റിസോർട്ടുകൾ നിർമ്മാണം ആരംഭിക്കുകയും അതിൽ കുറേ പൂർത്തിയാക്കുകയും ചെയ്തു. ഇതിനെക്കുറിച്ചാണ് ആഗസ്റ്റ് 22ന് സർക്കാർ ഉത്തരവ്. എന്നാൽ ഈ ഉത്തരവ് ജില്ലയ്ക്ക് ആകെ ബാധകമാക്കിയ തരത്തിലാണ് പുറത്ത് വന്നത്. ഇക്കാര്യം സർക്കാർ ബോദ്ധ്യപ്പെടുത്തുകയും നേരത്തെ ഉണ്ടായിരുന്ന എട്ട് വില്ലേജുകളിലേക്ക് ഉത്തരവ് പരിമിതപ്പെടുത്തുകയും ചെയ്തു. എന്നാൽ യു.ഡി.എഫും മറ്റ്ചില സംഘടനകളും വസ്തുതകൾ മറച്ച് വെച്ച് തുടർച്ചയായ കള്ള പ്രചരണങ്ങളും രാഷ്ട്രീയ സമര നാടകങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്. . ജില്ലയിലെ കൃഷിക്കാരെ പട്ടയത്തിന്റെ പേരിൽ ക്രൂരമായി വഞ്ചിച്ചവരാണ് യു.ഡി.എഫ്. 1964 ലെ ഭൂമിപതിവ് ചട്ടം അനുസരിച്ച് പട്ടയംനൽകാൻ വരുമാന പരിധി കൊണ്ടു വന്നതും പട്ടയങ്ങൾ കൈമാറ്റം ചെയ്യുന്നത് വിലക്കിയതും യു.ഡി.എഫ് സർക്കാരാണ്. ഇടതു സർക്കാർ വന്നപ്പോൾ പട്ടയത്തിനുള്ള വരുമാന പരിധി എടുത്തുകളയുകയും നാല് ഏക്കർ ഭൂമിക്ക് വരെ പട്ടയം കൊടുക്കുകയും എപ്പോൾ വേണമെങ്കിലും കൈമാറ്റം ചെയ്യുന്ന തരത്തിൽ ഉപാധിരഹിത പട്ടയം നൽകുകയുംചെയ്തു. യു.ഡി.എഫും കോൺഗ്രസും കർഷകരെ ഉപദ്രവിച്ചപ്പോഴൊക്കെ കർഷകരെ സംരക്ഷിക്കാൻ പോരാട്ടം നടത്തിയത് എൽ.ഡി.എഫാണ്. 20,000 ൽ പരം കൃഷിക്കാർക്ക് ഇപ്പോൾ ഉപാധിരഹിത പട്ടയം
വിതരണം ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നൽകിയ 16 ഉപാധികളോട് കൂടിയ പട്ടയം ഉപാധിരഹിതമാക്കി കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.