rijosh

ഇടുക്കി: യുവാവിനെ കൊലപ്പെടുത്തി കുഴിയിലിട്ട് പാതികത്തിച്ച ശേഷം വീടിന് സമീപമുള്ള റിസോർട്ടിന് വളപ്പിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും ഒളിവിൽ.

ഒരാഴ്ച മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരൻ ശാന്തമ്പാറ പുത്തടി മുല്ലൂർ റിജോഷിന്റെ (31) മൃതദേഹമാണ് കഴുതക്കുളംമേട്ടിലെ റിസോർട്ടിന് സമീപം നിർമിക്കുന്ന മഴവെള്ളസംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

റിജോഷിന്റെ ഭാര്യ ലിജി (29), രണ്ടു വയസുള്ള മകൾ, റിസോർട്ട് മാനേജറും റിജോഷിന്റെ സുഹൃത്തുമായി ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം (31) എന്നിവർ നാലാം തീയതി മുതൽ ഒളിവിലാണ്. ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ റിജോഷ് ഒരു വർഷമായി ജോലി ചെയ്യുന്നു. വസിം നാല് വർഷമായി ഇവിടെ മാനേജരാണ്. ആറ് മാസം മുമ്പ് ലിജിയും ഇവിടെ ജോലിക്കെത്തി.

കഴിഞ്ഞ 31 മുതൽ റിജോഷിനെ കാണാതായി. ഒന്നാം തീയതി ബന്ധുക്കൾ ശാന്തമ്പാറ പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് തന്നെ ഫോണിൽ വിളിച്ചിരുന്നതായി ലിജി പറഞ്ഞിരുന്നു. ഇതോടെ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല.

എന്നാൽ റിജോഷ് വീട്ടിൽ നിന്ന് അധികദിവസം മാറി നിൽക്കാറില്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വീണ്ടും ബന്ധുക്കൾ രംഗത്തെത്തി. തുടർന്ന് വസീമും ലിജിയും നാടുവിടുകയായിരുന്നു. പിറ്റേന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രദേശത്ത് മണ്ണിട്ടതായി വിവരം ലഭിച്ചു. തുടർന്ന് സമീപത്തെ ജെ.സി.ബി ഓപ്പറേറ്ററെ വിളിച്ചു ചോദ്യം ചെയ്തു. ഒന്നാം തീയതി വസീം ഫോണിൽ വിളിച്ച് ഫാമിലെ പശു ചത്തെന്നും ഇതിനെ കുഴികുത്തി മൂടാൻ മണ്ണു മാന്തിയന്ത്രവുമായി വരണമെന്നും ആവശ്യപ്പെട്ടിരുന്നെന്ന് ഇയാൾ പറഞ്ഞു. സ്ഥലത്തെത്തിയപ്പോൾ മഴവെള്ള സംഭരണി നിർമ്മിക്കുന്നതിനോട് ചേർന്നുള്ള കുഴി പാതി മൂടിയ നിലയിലായിരുന്നു. തുടർന്ന് ഈ കുഴി കൂടുതൽ മണ്ണിട്ട് മൂടുകയായിരുന്നെന്ന് ജെ.സി.ബി ഓപ്പറേറ്റർ മൊഴി നൽകി. ഇന്നലെ രാവിലെ പൊലീസ്, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി ഉടുമ്പൻചോല തഹസീൽദാർ നിജു കുര്യന്റെ സാന്നിദ്ധ്യത്തിൽ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി തുടങ്ങിയ മൃതദേഹം കുഴിയിലിട്ട് കത്തിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി പകുതിയോളം പൊള്ളിയ നിലയിലാണ്. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവരുടെ പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വസീം, ലിജി എന്നിവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

വസീം നെടുങ്കണ്ടത്തെ ഒരു എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ട്. തുടർന്ന് കുമളി ആനവിലാസത്ത് വച്ച് ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഒഫ് ആയി. തമിഴ്‌നാട്ടിലേയ്ക്ക് കടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. റിജോഷ്- ലിജി ദമ്പതികൾക്ക് കാണാതായ 2വയസുകാരി ഉൾപ്പടെ മൂന്ന് മക്കളാണുള്ളത്.

 'പ്രതി ഞാനാണ്"- വസീമിന്റെ വീഡിയോ സന്ദേശം

റിജോഷിനെ കൊന്നത് താൻ തന്നെയാണെന്ന് കുറ്റസമ്മതം നടത്തി വസീം സഹോദരന്റെ ഫോണിലേക്ക് വീഡിയോ സന്ദേശമയച്ചു. പൊലീസ് മറ്റൊരു റിസോർട്ട് ജീവനക്കാരിയെയും വസീമിന്റെ സഹോദരനെയും സുഹൃത്തിനേയും ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് ഫോണിലേക്ക് വീഡിയോ സന്ദേശമെത്തിയത്. താൻ മാത്രമാണ് പ്രതിയെന്നും അനിയനോ സുഹൃത്തിനോ ഇതുമായി
ബന്ധമില്ലെന്നും അവരെ വിട്ടയയ്ക്കണമെന്നുമായിരുന്നു സന്ദേശം.

കൊലയ്ക്ക് ശേഷം വസിം തൃശൂരിലുള്ള സഹോദരനെ വിളിച്ച് ലിജിയുടെ ഫോണിലേയ്ക്ക് വിളിപ്പിച്ചിരുന്നു. അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫോണിൽ നിന്നും ലിജിയെ
വിളിപ്പിച്ചു. പൊലീസ് അന്വേഷണത്തിനെത്തിയപ്പോൾ തെളിവായി ഈ ഫോൺകോളുകൾ കാണിച്ച് റിജോഷ് തൃശൂരിൽ നിന്നും കോഴിക്കോട്ട് നിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പൊലീസ് ഈ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ
വസീമിന്റെ സഹോദരനും ഒരാൾ സഹോദരന്റെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതോടെയാണ് വസീം കുറ്റസമ്മതം നടത്തി വീഡിയോ സന്ദേശം അയച്ചത്. എന്നാൽ സിം ഓഫ് ചെയ്ത ശേഷം വൈഫൈ ഉപയോഗിച്ചാണ് വസീം വീഡിയോ അയച്ചിരിക്കുന്നത്. ലൊക്കേഷൻകണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തിൽ സഹോദരനും സുഹൃത്തിനും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.