തൊടുപുഴ: ആദിവാസികളുടെ പട്ടയം നൽകാനുള്ള സർക്കാർ ഉത്തരവ് ചില ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നെന്ന് ഐക്യ മല അരയ മഹാസഭ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വയ്ക്കുന്ന പട്ടികവർഗക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി പട്ടയം അനുവദിക്കാമെന്ന് 2017 ഏപ്രിൽ 27ന് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം എന്നീ പ്രദേശങ്ങളിൽ ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ആദ്യമായിട്ടാണ് വനഭൂമി കൈവശം വെച്ചിരിക്കുന്ന ആദിവാസികൾക്ക് കൈവശ രേഖ റദ്ദാക്കി പട്ടയം നൽകാൻ ഒരു സർക്കാർ ഉത്തരവിട്ടത്. വണ്ണപ്പുറത്തും പെരുങ്കാലയിലും ഉപാധിരഹിത പട്ടയങ്ങൾ നൽകുകയും ചെയ്തു. ജോയിന്റ് വേരിഫിക്കേഷൻ ലിസ്റ്റിൽ പേരില്ലെന്ന് പറഞ്ഞാണ് ഉടുമ്പന്നൂരിലേയും വെള്ളിയാമറ്റത്തേയും അറക്കുളത്തെയും കുടുംബങ്ങൾക്കുള്ള പട്ടയം നിഷേധിക്കുന്നത്. എന്നാൽ, വിവരാവകാശ രേഖകളിലൂടെ ഈ പ്രദേശങ്ങളിലൊക്കെ ജോയിന്റ് വേരിഫിക്കേഷൻ നടന്നതായി വ്യക്തമാകുന്നുണ്ട്. ഈ രേഖകൾ തൊടുപുഴ താലൂക്ക് ഓഫീസിൽ നിന്ന് കരിമണ്ണൂർ ഭൂപതിവ് സ്‌പെഷ്യൽ തഹസിൽദാർക്ക് കൈമാറിയില്ലെന്നാണ് അറിയാൻ കഴിയുന്നത്. പട്ടികവർഗക്കാരുടെ പേരിൽ ജോയിന്റ് വേരിഫിക്കേഷൻ നടത്തിയ ശേഷം പിന്നീടത് മറ്റുള്ളവരുടെ പേരിലേക്ക് മാറ്റിയതായും സംശയമുണ്ട്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥതലത്തിലുള്ള കെടുകാര്യസ്ഥതയ്‌ക്കെതിരെ ശക്തമായ സമരപരിപാടികൾ തുടങ്ങുമെന്ന് പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, കെ.കെ. സാജുമോൻ, ഇ.കെ.ദിവാകരൻ, സി.ആർ.രാജീവ്, എം.കെ. ബിജേഷ് എന്നിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.