ശാന്തമ്പാറ: ''വസീമാണ്... ശാന്തമ്പാറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റിജോഷ് എം.പി മർഡർ കേസിൽ പ്രതി ഞാനാണ്. എന്റെ അനിയനെയും കൂട്ടുകാരെയും വെറുതെ വിടണം. അവർക്ക് ഈ കേസിൽ യാതൊരു ബന്ധവുമില്ല"- റിജോഷിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരയുന്ന റിസോർട്ട് മാനേജർ വസിം തന്റെ സഹോദരനയച്ച വീഡിയോ സന്ദേശത്തിലെ വാക്കുകളാണിത്.

ലിജിയുമായുള്ള വസിമിന്റെ അവിഹിത ബന്ധം റിജോഷ് കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. മദ്യത്തിൽ വിഷം ചേർത്താണ് റിജോഷിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം റിസോർട്ടിനടുത്ത് നിർമാണത്തിലിരിക്കുന്ന മഴവെള്ളസംഭരണിയോട് ചേർന്ന് കുഴി കുത്തി മൃതദേഹം അതിലിട്ട ശേഷം കത്തിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ പാതിമാത്രമാണ് കത്തിക്കാനായത്. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

ചത്ത പശുവിനെ കുഴിച്ച്മൂടാൻ....

പശുവിനെ മൃതദേഹം മണ്ണിട്ട് മൂടിയ ശേഷം ജെ.സി.ബി ഓപ്പറേറ്ററെ വിളിച്ച് ഫാമിലെ പശു ചത്തെന്നും അതിനെ കുഴിച്ചിട്ടിടത്ത് കൂടുതൽ മണ്ണിടണമെന്നും ആവശ്യപ്പെട്ടു. അസ്വാഭാവികതയൊന്നും തോന്നാത്ത ഓപ്പറേറ്റർ മണ്ണുമാന്തിയത്രം ഉപയോഗിച്ച് ഇവിടെ മണ്ണിട്ടു. ഇത് കൂടാതെ വസിം തൃശൂരും കോഴിക്കോട്ടുമുള്ള തന്റെ സഹോദരനെയും കൂട്ടുകാരനെയും കൊണ്ട് ലിജിയുടെ ഫോണിലേക്ക് വിളിപ്പിച്ചു. പിന്നീട് പൊലീസ് അന്വേഷണത്തിന് എത്തിയപ്പോൾ ഈ ഫോൺവിളികൾ റിജോഷിന്റേതാണെന്ന് ലിജി പൊലീസിനോട് പറഞ്ഞു.

ഇത് വിശ്വസിച്ച് പൊലീസ് അന്വേഷണം ഉപേക്ഷിച്ചു. എന്നാൽ റിജോഷ് നാടുവിട്ട് ദിവസങ്ങളോളം ഒരിടത്തും പോകാറില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ വീണ്ടും ആരോപിച്ചതോടെ പൊലീസ് കേസ് അന്വേഷണം ഊർജിതമാക്കി. ഇതറിഞ്ഞ് വസീമും ലിജിയും കുഞ്ഞുമായി ഒളിവിൽ പോയി. ഇതോടെ റിജോഷിനെ അപായപ്പെടുത്തിയെന്ന നിഗമനത്തിലേയ്ക്ക് പൊലീസ് എത്തി. തുടർന്ന് ഇരുവരുടെയും ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലിജിയുടെ ഫോണിലേയ്ക്ക് റിജോഷിന്റേതെന്ന പേരിൽ വന്ന ഫോൺവിളികൾ വസീമിന്റെ സഹോദരന്റെയും സുഹൃത്തിന്റെയുമാണെന്ന് കണ്ടെത്തി. മാത്രമല്ല റിസോർട്ടിനടുത്ത് മണ്ണിട്ട വിവരവും നാട്ടുകാർ പറഞ്ഞ് പൊലീസ് അറിഞ്ഞു. തുടർന്ന് പൊലീസ് നേതൃത്വത്തിൽ മണ്ണ് മാറ്റിയതോടെയാണ് മൃതദേഹം കണ്ടെടുത്തത്. തുടർന്ന് സഹോദനോടും സുഹൃത്തിനോടും ശാന്തമ്പാറ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. ഇവരെ ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെയാണ് സഹോദരന്റെ ഫോണിലേക്ക് വീഡിയോ സന്ദേശമെത്തിയത്. സഹോദരനും സുഹൃത്തും കേസിൽ ഉൾപ്പെടുമെന്നായപ്പോഴാണ് വസീം കുറ്റ സമ്മതം നടത്തികൊണ്ടുള്ള വീഡിയോ സന്ദേശമയച്ചത്. തുടർന്ന് വീഡിയോ സന്ദേശം ഇവർ പൊലീസിന് കൈമാറുകയായിരുന്നു. നിലവിൽ വസീമും ലിജിയും രണ്ടര വയസുള്ള കുട്ടിയേയും കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് പൊലീസ്.

അതേസമയം മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും വിഫലമായി. ഫോണിന്റെ സിം കാർഡ് ഓഫ് ചെയ്ത് വൈഫൈ മുഖേനയാണ് സന്ദേശം അയച്ചത്. സിം കാർഡ് ആക്ടിവായാൽ മാത്രമേ ടവർ ലൊക്കേഷൻ കണ്ടുപിടിക്കാനാകൂവെന്ന് പൊലീസ് പറയുന്നു.

പൊലീസ് ടീം

മൂന്നാർ ഡിവൈ.എസ്.പി രമേഷ്‌കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജ്, ശാന്തൻപാറ സി.ഐ ടി.ആർ. പ്രദീപ്കുമാർ, രാജാക്കാട് സി.ഐ എച്ച്.എൽ. ഹണി, എസ്.ഐമാരായ പി.ഡി. അനൂപ്‌മോൻ, ബി. വിനോദ്കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.