മൂവായിരത്തോളം ഡോക്ടർമാർ പങ്കെടുക്കും
തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 62 ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൊടുപുഴയിൽ തുടക്കമാകും. രാവിലെ 9ന് പ്രധാന സമ്മേളന വേദിയായ ഉത്രം റീജൻസി ഹാളിന് മുന്നിൽ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകുക. തുടർന്ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നടക്കുന്ന വിവിധ വിഷയങ്ങൾ, ഡോക്ടർമാർ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവ പ്രതിനിധി സമ്മേളനത്തിൽ ചർച്ചയാകും.
ഡോക്ടർമാർക്ക് വേണ്ടിയുള്ള തുടർ വിദ്യാഭ്യാസ പരിപാടിയിൽ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും, തുടർന്ന് വനിതാ ഡോക്ടർമാരുടെ പൊതു സമ്മേളനത്തിൽ വനിതാ ഡോക്ടർമാരും കേരളത്തിലെ വനികൾ നേരിടുന്ന വിവിധ വിഷയങ്ങളും ചർച്ച ചെയ്യും. ഡോക്ടർമാരുടെ ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള വിവിധ പദ്ധതികളെക്കുറിച്ച് വിശകലന ചർച്ച നടക്കും. ചികിത്സരംഗത്തുണ്ടാകുന്ന പുതിയ വ്യതിയാനങ്ങൾ വിലയിരുത്തപ്പെടുകയും അതിന് വേണ്ടിയുള്ള ഐഎംഎ യുടെ നിർദ്ദേശങ്ങളും യോഗത്തിൽ സമർപ്പിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും, സെക്രട്ടറി ഡോ. എൻ. സുൾഫിയും അറിയിച്ചു.