ഒരുതരത്തിലുമുള്ള പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന് നിർദേശം നൽകും

വിവിധ മതവിഭാഗങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ അഡ്മിൻ ഒൺലിയാക്കണം.

ഇടുക്കി : അയോദ്ധ്യ കേസ് സംബന്ധിച്ചു സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിക്കാനിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഒരുതരത്തിലുമുള്ള ക്രമസമാധാനവും ഉണ്ടാകാതിരിക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ, സാമുദായിക, സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും മതമേലദ്ധളക്ഷൻമാരും പങ്കെടുത്തു. ഒരുതരത്തിലുമുള്ള പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന് അണികൾക്ക് നിർദേശം നൽകുമെന്ന് മത നേതാക്കളും സാമുദായിക സംഘടന നേതാക്കളും യോഗത്തിൽ അറിയിച്ചു.
കുടിയേറ്റ ജില്ലയായ ഇടുക്കിയുടെ നിലവിലുള്ള സമാധാന അന്തരീക്ഷം പരിപാലിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധമാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഒരുതരത്തിലുമുള്ള അഭ്യൂഹങ്ങളും പ്രകോപനങ്ങളും അനുവദിക്കില്ല. ഇക്കാര്യം പൊലീസ് കർശനമായി നിരീക്ഷിച്ചുവരുകയാണ്. ദുരുപയോഗം തടയുന്നതിനായി വിവിധ മതവിഭാഗങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ അഡ്മിൻ ഒൺലിയാക്കണം. എല്ലായിടത്തും സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നൻമയുടെ വെളിച്ചം നിറയ്ക്കാൻ സാധിക്കൂവെന്ന തിരിച്ചറിവിൽ ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം വേണമെന്നു ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ കളക്ടർ പറഞ്ഞു.
യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, എഡി എം ആന്റണി സ്‌കറിയയും വിവിധ പ്രതിനിധികളായ സി. വി വർഗീസ്, എംഡി അർജുനൻ, ബിനു ജെ. കൈമൾ, പി. രാജൻ, ഫാ. ജോസ് പ്ലാച്ചിക്കൽ, ഫാ. മാത്യു ഞവരക്കാട്ട്, ഹാഫീസ് നൗഫൽ കൗസരി, സ്വാമി ദേവചൈതന്യ, എ. ജെ. മുഹമ്മദ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

"മതസ്പർധയ്ക്കിടയാക്കുന്ന തരത്തിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി താലൂക്ക്, പൊലീസ് സ്റ്റേഷൻ തലങ്ങളിൽ പ്രത്യേക യോഗം ചേരും

ടി. നാരായണൻ

ജില്ലാ പൊലീസ് മേധാവി