തൊടുപുഴ: കുട്ടികളെ ഉപയോഗിച്ച് പണപ്പിരിവു നടത്തിയ കർണാടക സ്വദേശികളായ മാതാപിതാക്കൾക്കെതിരെ കേസെടുക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി നിർദേശിച്ചു. പണ്ടപ്പിള്ളിയിൽ കഴിഞ്ഞിരുന്ന മാതാപിതാക്കൾ ഇന്നലെ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോസഫ് അഗസ്റ്റിനു മുമ്പാകെ ഹാജരായി. തുടർന്നാണ് ഇവർക്കെതിരെ കുട്ടികളെ ഉപയോഗിച്ച് ബാലഭിക്ഷാടനത്തിനു കേസെടുക്കാൻ ചെയർമാൻ നിർദേശിച്ചത്. അരിക്കുഴ സ്‌കൂളിനു സമീപം പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ വീടുകൾ തോറും കയറി ഭിക്ഷാടനം നടത്തുന്നതായി നാട്ടുകാർ സി.ഡബ്ലു.സിയിൽ അറിയിച്ചതിനെ തുടർന്നാണ് ഇവരെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പിടി കൂടിയത്. കുട്ടികളെ സിഡബ്ല്യുഡിയുടെ മേൽനോട്ടത്തിൽ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.