തൊടുപുഴ: തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം തഴയുന്നത് പ്രതിഷേധാർഹമാണെന്ന് ഡീൻ കുര്യാക്കോസ് എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് ലഭിക്കാനുള്ള വേതന കുടിശിക 53 കോടി രൂപയാണ്. കഴിഞ്ഞ ജൂലായ് മുതൽ തൊഴിലാളികൾക്ക് വേതനം നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ നേരിട്ട് അക്കൗണ്ടുകളിൽ നിക്ഷേപിക്കേണ്ട തുകയാണ് മുടങ്ങിയത്. യുപിഎ സർക്കാർ വിജയകരമായി നടപ്പാക്കിയ പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കണം. പ്രളയത്തിൽ അപകടാവസ്ഥയിലായ ജില്ലയിലെ ആയിരത്തിലധികം വീടുകൾക്ക് സംരക്ഷ ഭിത്തി ഒരുക്കാനുള്ള പണി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം. പ്രളയ സഹായമായി ലഭിച്ച കേന്ദ്ര ഫണ്ട് എങ്ങനെയാണ് ചെലവഴിച്ചതെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തണം.
മുഖ്യമന്ത്രി വിളിച്ച് ചേർത്ത സംസ്ഥാനത്തെ എം പി മാരുടെ യോഗത്തിൽ കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് സംബന്ധിച്ച് വിവരം ആരാഞ്ഞപ്പോൾ അതെല്ലാം നടക്കും എന്ന ഒഴുക്കൻ മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇടുക്കിക്കായി പ്രഖ്യാപിച്ച 5000 കോടി പാക്കേജിന് എന്തു സംഭവിച്ചു എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട് . പ്രഖ്യാപനം നടത്തി ഇതുവരെ യെതാരു തരത്തിലുള്ള നടപടികളും തുടങ്ങിയിട്ടില്ല. പ്രളയാന്തരം ഇടുക്കിയുടെ കാർഷിക മേഖലയടക്കം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കാർഷിക ഉൽപന്നങ്ങൾക്ക് അർഹമായ വില ലഭിക്കുന്നില്ല. പതിനായിരത്തിലധികം വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. ഈ സാഹചര്യത്തിലും പാക്കേജുമായി ബന്ധപ്പെട്ട ഒരു യോഗം പോലും ജില്ലയിൽവിളിച്ചു ചേർത്തിട്ടില്ലെന്നും എം.പി കുറ്റപ്പെടുത്തി.