തൊടുപുഴ: നേടിയെടുത്തത് ഒരുപിടി നേട്ടങ്ങൾ,മുന്നോട്ടുള്ള കുതിപ്പ് കാത്ത് കായികതാരങ്ങളും. നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും തൊടുപുഴയുടെ കായിക സ്വപ്നങ്ങൾക്ക് മുമ്പിൽ വെല്ലുവിളികൾ ഏറെയാണ്. അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു സ്റ്റേഡിയം ഇല്ല എന്നത് തന്നെ തൊടുപുഴയ്ക്ക് നാണക്കേടായി മാറുകയാണ്. നിരവധി മികച്ച കായികതാരങ്ങളെ സംഭാവന ചെയ്ത ജില്ലയാണ് ഇടുക്കി. ഇതിൽ ഏറെയും തൊടുപുഴ മേഖലയിൽ നിന്നുള്ളവരാണ്. സംസ്ഥാന തലത്തിൽ നടന്ന കായിക മത്സരങ്ങളിലും മറ്റ് ജില്ലകൾക്ക് വേണ്ടി മെഡലുകൾ നേടുന്നവരിൽ മുൻപന്തിയിലും തൊടുപുഴക്കാരുണ്ട്. എന്നാൽ വളർന്നുവരുന്ന കായിക താരങ്ങൾ നിരവധിയാണെങ്കിലും അവർക്ക് പരിശീലനത്തിനുള്ള സാഹചര്യം ഒരുക്കാൻ പോലും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.

താരങ്ങൾക്ക് പരിശീലിക്കാനോ കായികമേളകൾ നടത്താനോ ഗ്രൗണ്ടില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്..പലപ്പോഴും അസൗകര്യങ്ങൾ നിറഞ്ഞ സ്‌കൂൾ ഗ്രൗണ്ടിലാണ് കായിക മേളകളടക്കം നടത്തുന്നത്. യാത്രാസൗകര്യമുൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിക്കുമ്പോൾ ഇടുക്കിയിൽ കായിക മത്സരങ്ങൾ നടത്താൻ തൊടുപുഴ അല്ലാതെ മറ്റൊരു സ്ഥലമില്ല. ഒരു കാലത്ത് അത്ലറ്റിക്സിലും ഗെയിംസിലും ഒരുപോലെ താരങ്ങളെ സംഭാവന ചെയ്ത് തിളങ്ങി നിന്ന ജില്ല കൂടിയാണ് ഇടുക്കി. എന്നാൽ ഇപ്പോൾ അത്ര ശോഭനമല്ല ഇടുക്കിയുടെ കായിക രംഗം. മികച്ച നിലവാരമുള്ള ഒരു ഗ്രൗണ്ട് പോലുമില്ലാത്ത ഏക ജില്ല എന്ന ബഹുമതി ഇപ്പോൾ ഇടുക്കിക്കാണ്.
തൊടുപുഴയിലെ പഴയ സ്റ്റാൻഡിൽ മുനിസിപ്പൽ സ്‌റ്റേഡിയം പണിയാമെന്ന വാഗ്ദാനം ഉണ്ടായെങ്കിലും ഇതും നടപ്പായില്ല. ഓരോ ബജറ്റിലും തൊടുപുഴയിൽ ആധുനിക സ്റ്റേഡിയം നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാകുന്നില്ല.

പ്രഖ്യാപനം ജലരേഖയായി

പൊതുകളിക്കളം നിർമ്മിക്കാൻ 12 ഏക്കർ സ്ഥലം ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി.മുട്ടം പോളിടെക്നിക്ക് കോളേജിനോടനുബന്ധിച്ച് സിന്തറ്റിക്ക് ട്രാക്ക് നിർമിക്കുമെന്ന പ്രഖ്യാപനവും ലക്ഷ്യം കണ്ടില്ല. പോളിടെക്നിക്ക് അധികൃതരും ജില്ലാ സ്പോർട്സ് കൗൺസിലും തമ്മിലുളള വടംവലിയിലാണ് സിന്തറ്റിക്ക് ട്രാക്ക് എന്ന സ്വപ്നം പൊലിഞ്ഞത്. നല്ല ട്രാക്കില്ലാത്തതിനാൽ ജില്ലയിൽ നിലവാരമുള്ള മത്സരങ്ങൾ കാര്യമായി നടക്കാറുമില്ല. ഇടുക്കി ജില്ലയിലെ സ്‌പോർട്സ് കൗൺസിൽ ഓഫീസിന്റെ പ്രവർത്തനം അടുത്തിടെ വരെ തൊടുപുഴ മീൻ മാർക്കറ്റിലെ വാടകമുറിയിലായിരുന്നു. ഇപ്പോൾ പൈനാവിലേക്ക് ഓഫീസ് മാറ്റിയെങ്കിലും സ്വന്തമായൊരു മുറി ആയിട്ടില്ല.അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശേഷി ഇല്ലാത്തതല്ല, അതു നടപ്പാക്കാനുള്ള ഇച്ഛാ ശക്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാണിക്കാത്തതാണ് തൊടുപുഴയിലെ കായികമേഖലയുടെ ദുരവസ്ഥയ്ക്കു കാരണം.