കട്ടപ്പന: നഗരസഭയിൽ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സമൃദ്ധി ജെ.എൽ.ജി ക്യാമ്പയിനും ജൈവ പച്ചക്കറി കൃഷി പരിശീലനവും ബാലസഭാ സംഗമവും സംഘടിപ്പിച്ചു. നഗരസഭാ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വനിതാ കൃഷി സംഘങ്ങളെ പുനരുജീവിപ്പിക്കാനും പുതിയ വനിതാ കൃഷി സംഘങ്ങൾ രൂപീകരിച്ച് കാർഷികമേഖലയിൽ കർമ്മനിരതരാക്കി നവകേരള നിർമ്മിതിക്ക് കരുത്തു പകരാനും കുടുംബശ്രീ നടപ്പിലാക്കുന്നതാണ് സമൃദ്ധി ജെ എൽ ജി ക്യാമ്പയിൻ പദ്ധതി. ഇതിന്റെ ഭാഗമായാണ് ജെ എൽ ജി അംഗങ്ങൾക്കായി ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ അസി. കോ- ഓർഡിനേറ്റർ ജോസ് സ്റ്റീഫൻ വിശദീകരണം നൽകി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ലൂസി ജോയി അദ്ധ്യക്ഷത വഹിച്ചു. ഫാ. അനിൽ സി. മാത്തൻ ക്ലാസ് നയിച്ചു. തുടർന്ന് 'രാഹുൽ വയസ് 15' എന്ന ടെലിഫിലിം പ്രദർശിപ്പിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാമ്മഗോപിനാഥ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഗ്രേസ്‌ മേരി ടോമിച്ചൻ, കൗൺസിലർ സെലിൻ ജോയി എന്നിവർ സംസാരിച്ചു. സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, ജെ.എൽ.ജി അംഗങ്ങൾ, ബാലസഭാ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.