മുട്ടം: പഞ്ചായത്ത് ഓഫിസിലെ ഓഫിസ് സീൽ മോഷ്ടിക്കാൻ ശ്രമിച്ചതായി പഞ്ചായത്ത്‌ അധികൃതർ പൊലീസിൽ പരാതി നൽകി. ഓഫിസിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന വിവിധ സീലുകൾ ഇന്നലെ രാവിലെ പഞ്ചായത്തിന്റെ വരാന്തയിൽ നിന്ന് ജീവനക്കാരിക്ക് കിട്ടി. ഇതേ തുടർന്നാണ് പഞ്ചായത്ത് അധികാരികൾ പൊലീസിൽ പരാതി നൽകിയത്. പഞ്ചായത്തിന് ഐ എഎസ് ഒ ഗ്രേഡ് ലഭിക്കുന്നതിന്റെ ഭാഗമായി 2 ദിവസം പഞ്ചായത്ത് ഓഫിസിൽ ശുചീകരണമടക്കമുള്ള ജോലികൾ നടന്നിരുന്നു. ഇതിനിടെയാണ് ഓഫീസിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന സീൽ വരാന്തയിൽ നിന്നു കിട്ടിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുട്ടം എസ്ഐ ബൈജു പി ബാബു പറഞ്ഞു.