മറയൂർ: മറയൂർ- മൂന്നാർ പാതയിൽ തോട്ടം മേഖലയായ തലയാർ ഭാഗത്ത് ആരാധാനാലയവും വ്യാപാര സ്ഥാപനങ്ങളും കുത്തി തുറന്ന് മോഷണം. മൂന്നാർ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ താലയാർ ഭാഗത്തുള്ള ഷോപ്പിഗ് കോംപ്ലക്‌സിലെ അഞ്ച് കടമുറികളുടെ ഷട്ടറിന്റെ പൂട്ടുകളും തകർത്ത് അകത്ത് കടന്ന് പരിശോധന നടത്തിയെങ്കിലും പണം ഒന്നും സൂക്ഷിക്കാത്തതിനാൽ മോഷണം നടന്നില്ല. സമീപത്തുള്ള സെന്റ് ആന്റണീസ് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് നാണയത്തുട്ടുകൾ മാത്രം അവശേഷിപ്പിച്ച് പണം മുഴുവൻ കവർന്നു. ഒരാഴ്ച്ചയായി തോട്ടം മേഖലയിലെ പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് മോഷണം നടന്നു വരുകയാണ്. വിലപിടിപ്പുള്ള മറ്റ് സാധനങ്ങൾ ഉണ്ടെങ്കിലും മോഷ്ടാക്കൾ പണം മാത്രമാണ് കവർച്ച ചെയ്യുന്നത്.
പള്ളിയുടെ സങ്കീർത്തിയുടെ വാതിൽ തകർത്ത് അകത്ത് കടന്ന് മേശകളും അലമാരികളും കുത്തി തുറന്ന് സാധനങ്ങൾ പുറത്തിട്ട് പരിശോധന നടത്തിയ നിലയിലാണ്. കപ്യാർ ജേക്കബ് രാവിലെ അഞ്ചരക്ക് പള്ളിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിന്നീട് മറയൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സി. ഐ വി ആർ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി തെളിവുകൾ ശേഖരിച്ചു തലയാർ ഭാഗത്തുള്ള ബാലസുന്ദരത്തിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, തമിഴരശന്റെ പലചരക്ക് കട, പെരിയ സ്വാമിയുടെ ബേക്കറിയുടെ രണ്ട് ഷട്ടറുകൾ, സുഗന്ധ വ്യജ്ഞനങ്ങൾ വിൽപ്പന നടത്തുന്ന മുത്തുമണിയുടെ കട എന്നിവയാണ് കൂത്തിതുറന്ന് മോഷണ ശ്രമം നടത്തിയിരിക്കുന്നത്. പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതകമാക്കി