ഇടുക്കി: ശാന്തമ്പാറയിൽ റിസോർട്ട് ജീവനക്കാരനായ റിജോഷിന്റെ കൊലപാതത്തെ തുടർന്ന് ഒളിവിൽ പോയ ഭാര്യയെയും കാമുകനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിലും റിജോഷിന്റെ മകളെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിലും മുംബയ് പനവേലിലെ ലോഡ്ജിൽ കണ്ടെത്തി.
റിജോഷിന്റെ ഭാര്യ ലിജി (29), റിസോർട്ട് മാനേജരും റിജോഷിന്റെ സുഹൃത്തുമായ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വാസിം (31) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റിജോഷിന്റെ ഇളയ മകൾ രണ്ടര വയസുകാരി ജൊവാനയ്ക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും വിഷം കഴിച്ചതാണെന്ന് പൻവേൽ പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ അറിയിച്ചതിനെതുടർന്ന് പൊലീസെത്തി ഇരുവരെയും പൻവേൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചിറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റിസോർട്ട് ജീവനക്കാരൻ ശാന്തമ്പാറ പുത്തടി മുല്ലൂർ റിജോഷിന്റെ (31) മൃതദേഹം കഴുതക്കുളംമേട്ടിലെ റിസോർട്ടിന് സമീപം നിർമിക്കുന്ന മഴവെള്ളസംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ വ്യാഴാഴ്ച കണ്ടെത്തിയതിന് പിന്നാലെയാണ് ലിജിയും വാസിമും കുട്ടിയെയുമെടുത്ത് സ്ഥലംവിട്ടത്. ഒക്ടോബർ 31നാണ് റിജോഷിനെ കാണാതായത്. ബന്ധുക്കൾ അടുത്ത ദിവസം പൊലീസിൽ പരാതിപ്പെട്ടു.
മൂന്നാർ ഡിവൈ.എസ്.പി എം. രമേശ്കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം ലിജിക്കും വാസീമിനുമായി അന്വേഷണം വ്യാപകമാക്കിയിരുന്നു. വാസിം കഴിഞ്ഞദിവസം സഹോദരന് വീഡിയോ സന്ദേശമയയ്ക്കാൻ ഉപയോഗിച്ച വൈഫൈ മുംബയിലേതാണെന്ന് മനസിലാക്കിയതിനെ തുടർന്ന് അന്വേഷണ സംഘത്തിലെ മൂന്നു പേർ ഇന്നലെ രാവിലെ അവിടെ എത്തിയിരുന്നു.
ലോഡ്ജ് മുറിയിൽ നിന്ന് ലഭിച്ച ഇവരുടെ ഇലക്‌ഷൻ ഐ.ഡി കാർഡിലൂടെ ഇടുക്കി സ്വദേശികളാണെന്ന് മനസിലാക്കി പനവേൽ പൊലീസ് കേരള സംഘത്തെ വിവരമറിയിച്ചു. എസ്.ഐമാരായ സജി എൻ.പോൾ, എം.ആർ. സതീഷ്, സി.പി.ഒ സിനോജ് എബ്രഹാം എന്നിവർ ഉടൻ സ്ഥലത്തെത്തി സ്ഥിരീകരിച്ചു. ജൊവാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ലിജി - റിജോഷ് ദമ്പതികൾക്ക് രണ്ട് മക്കൾ കൂടിയുണ്ട്.
കേസന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമിക്കുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത വാസിമിന്റെ സഹോദരൻ ഫഹദിനെ (25) പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്ചെയ്തിരുന്നു. ഇയാളെ ഇന്നലെ നെടുംങ്കണ്ടം കോടതി റിമാൻഡ് ചെയ്തു.