തൊടുപുഴ: കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി പണം തട്ടുന്ന മാഫിയാ സംഘം ജില്ലയിൽ സജീവമാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വീടുകളിലെത്തി പണവും തുണിത്തരങ്ങളും വാങ്ങിച്ചിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പിടികൂടി മോചിപ്പിച്ചിരുന്നു. വ്യാഴാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാക്കിയ ശേഷം ഇവരെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. തങ്ങളോടൊപ്പമുള്ളവർ പണ്ടപ്പള്ളിയിലാണ് തങ്ങിയിരിക്കുന്നതെന്ന് കുട്ടികൾ മൊഴി നൽകിയിരുന്നു. ഇവർക്ക് പിന്നിൽ ഭിക്ഷാടന മാഫിയയാണെന്നാണ് സൂചന. ഇതേക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി മൂവാറ്റുപുഴ പൊലീസിനും എറണാകുളം ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. രോഗം, വിവാഹം, പ്രകൃതി ദുരന്തങ്ങൾ, നേർച്ച തുടങ്ങി വിവിധ പേരുകളിൽ കാർഡടിച്ച് പ്രധാനപട്ടണങ്ങളിലും ഗ്രാമീമേഖലകളിലും സ്ത്രീകളും കുട്ടികളും പിരിവിനെത്താറുണ്ട്. ഇതിനു പിന്നിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഭിക്ഷക്കാരെ കേരളത്തിലെത്തിച്ചു ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഘമാണെന്നാണ് വിവരം. പ്രതിഫലം മോഹിച്ച് വരുന്നവരും മാഫിയ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടുവരുന്നവരും സംഘത്തിലുണ്ട്. പ്രായം കുറഞ്ഞ പെൺകുട്ടികളും മറ്റും വീടുകളിൽ ഇവരുടെ ദൈന്യത വിവരിക്കുന്ന കാർഡുമായി എത്തുമ്പോൾ വീട്ടമ്മമാരും മറ്റും കൈയയച്ച് സഹായിക്കും. കഴിഞ്ഞ ദിവസം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പിടികൂടിയ പെൺകുട്ടികളുടെ പക്കൽ നാലു ഭാഷകളിൽ അച്ചടിച്ച കാർഡുകളുണ്ടായിരുന്നു. ഇത്തരത്തിൽ പിരിവെടുത്ത് കിട്ടുന്ന പണവും തിണിത്തരങ്ങളും മാഫിയ നേതാക്കൾ തട്ടിയെടുക്കും. പിരിവിനിറങ്ങുന്ന കുട്ടികൾക്ക് തുശ്ചമായ തുക മാത്രം നൽകും.
''ഇത്തരം കേസുകൾ ഇപ്പോൾ വർദ്ധിക്കുന്നുണ്ട്. സർക്കാരിന്റെ ശരണ ബാല്യം പദ്ധതിയിലൂടെ കണ്ടെത്തിയ കുട്ടികളെ മോചിപ്പിച്ച് അവരുടെ നാട്ടിലെ സ്‌കൂളിൽ ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
- ജോസഫ് അഗസ്റ്റിൻ (ശിശുക്ഷേമ സമിതി ചെയർമാൻ)
ശരണ ബാല്യം പദ്ധതിയിലൂടെ മോചിപ്പിച്ചത് 20 കുട്ടികളെ
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയിലൂടെ ബാലവേല, ബാല ഭിക്ഷാടം, തെരുവ് ബാല്യമുക്ത കേരളം എന്ന ലക്ഷ്യമിട്ട് ആരംഭിച്ച ശരണ ബാല്യം പദ്ധതിയിലൂടെ 20 കുട്ടികളെയാണ് ഇതുവരെ മോചിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിലെ കുട്ടികളാണ്. 2018 നവംബർ 19 നാണ് ശരണ ബാല്യം പദ്ധതിക്ക് ജില്ലയിൽ തുടക്കമിട്ടത്. 2019 നവംബറിൽ എത്തുേമ്പാൾ 15 കേസുകളിലായി ഇതുവരെ 20 കുട്ടികളെയാണ് മോചിപ്പിച്ചത്.
പദ്ധതി ആർക്കുവേണ്ടി
ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ
തെരുവിൽ അലയുന്നതും ഭിക്ഷയാചിക്കുന്നതുമായ കുട്ടികൾ
മതിയായ കാരണമില്ലാതെ സ്‌കൂൾ പഠനം ഉപേക്ഷിച്ച കുട്ടികൾ
വിളിക്കാം 24 മണിക്കൂറും
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോ ചൂഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 1098 അല്ലെങ്കിൽ 1517 എന്നീ നമ്പറുകളിൽ ഏത് സമയത്തും വിളിക്കാം. കൂടാതെ കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ 04862 200108 എന്ന നമ്പറിലും അറിയിക്കാം.