കുമളി: പഞ്ചായത്തിലെ പ്രകൃതി സുന്ദരഗ്രാമം സ്പ്രിംഗ്‌വാലിയെ സംസ്ഥാനത്തെ ആദ്യ ഹരിത വാർഡായി പ്രഖ്യാപിച്ചു. കുമളി പ്രിയദർശിനി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞുമോൾ ചാക്കോ ഹരിത വാർഡിന്റെ പ്രഖ്യാപനം നിർവഹിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിനൊപ്പം ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, നിറവ് സീറോ വേസ്റ്റ് കോഴിക്കോട്, ഹരിത കർമ്മസേന, റസിഡൻസ് അസോസിയേഷനുകൾ, വാർഡ് വികസന സമിതി, അയൽ സഭകൾ തുടങ്ങി നിരവധി സംഘടനകളും വാർഡിനെ മാലിന്യമുക്തമാക്കി ഹരിതാഭമാക്കാൻ മുൻനിരയിലുണ്ടായിരുന്നു. യോഗത്തിൽ ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി ഉദയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി. മാലിന്യ സംസ്‌കരണത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്കിനെ കുറിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ് വിവരിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു പദ്ധതി വിശദീകരിച്ചു. മാലിന്യ സംസ്‌കരണത്തിലെ ശുചിത്വ മിഷന്റെ പങ്കിനെക്കുറിച്ച് അഴുത ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ദിലീപ് എം.കെ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു, സെക്രട്ടറി കെ. സെൻകുമാർ എന്നിവർ പങ്കെടുത്തു.
ഹരിതവാർഡായത് ഇങ്ങനെ
വീടുകൾ, സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കി
പാതയോരങ്ങളിലും പൊതു ഇടങ്ങളിലും ചെടികളും മരങ്ങളും നട്ടു പിടിപ്പിച്ചു
വീടുകളിലെ ജൈവ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കുന്നു
അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേന മുഖേന സംസ്‌കരിക്കുന്നു
ജലസ്രോതസുകളിലെ മാലിന്യം നീക്കി വൃത്തിയാക്കി