ചെറുതോണി: മതസൗഹാർദ്ദത്തിന്റെ നിറവിൽ ജില്ലയിലെങ്ങും വിപുലമായി നബി ദിനമാഘോഷിച്ചു. വാഴത്തോപ്പ് ശ്രീധർമ്മ ശാസ്ത്ര ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ നബി ദിന റാലിക്ക് ചെറുതോണിയിൽ സ്വീകരണം നൽകി. ചെറുതോണി മുഹദിൻ ജുമാ മസ്ജിദിന്റെ നേതൃത്വത്തിലാണ് ജില്ലാ ആസ്ഥാനത്ത് നബിദിന റാലി സംഘടിപ്പിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയുടെ 1494-ാമത് ജന്മദിനമാണ് ഇസ്ളാം മത വിശ്വാസികൾ ആഘോഷപൂർവ്വം ആചരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി മത സൗഹാർദ്ദത്തിന് മാതൃകയായാണ് നബി ദിന ആഘോഷങ്ങൾ ചെറുതോണിയിൽ നടക്കുന്നത്. മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആശംസകൾ അറിയിച്ചും ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് മറ്റ് മതവിഭാഗത്തിൽ പെട്ടവരായിരുന്നു. വാഴത്തോപ്പ് ശ്രീധർമ്മ ശാസ്ത്ര ക്ഷേത്ര ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. അഖില ഭാരത അയ്യപ്പസേവാസംഘം യൂണിയൻ പ്രസിഡന്റ് എം.ഡി അർജുനൻ സ്വീകരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചെറുതോണി ഇമാം മുഹമ്മദ് മുഹുസിൻ സഖഫി നബി ദിന സന്ദേശം നൽകി. റോഷി അഗസ്റ്റ്യൻ എം.എൽ.എ, കളക്ടർ എച്ച്. ദിനേശൻ, ക്ഷേത്ര ഭാരവാഹികളായ ടി.എ. ആനന്ദകുമാർ, പി.എൻ. സതീശൻ, പി.കെ. രാജേഷ്, എസ്. അജിത്ത് കുമാർ, സി.വി. സുബ്രഹ്മണ്യൻ, ജോസ് കുഴികണ്ടം എന്നിവർ ആശംസകളറിയിച്ചു.