ചെറുതോണി: ഭിന്നശേഷിക്കാരിയായ യുവതി അയൽവാസിയുടെ കിണറ്റിൽ വീണ് മരിച്ചു. കീരിത്തോട് ഏഴാംകൂപ്പിൽ താമസക്കാരായ ചെരുപ്പുകുടിയിൽ ചാക്കോ- ഷേർളി ദമ്പതികളുടെ മകൾ ജോയ്സാണ് (19) മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരുന്നു സംഭവം. മാതാപിതാക്കളുമൊത്ത് പള്ളിയിൽ പോയി തിരികെ വരുന്നതിനിടെ മുമ്പോട്ട് കടന്നു പോയ ജോയ്സ് മാതാപിതാക്കൾ എത്തിയിട്ടും വീട്ടിലെത്തിയില്ല. പരിഭ്രാന്തരായ വീട്ടുകാർ അയൽവാസികളോടൊപ്പം അടുത്ത പുരയിടത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ അയൽവാസി പാലക്കൽ സാബുവിന്റെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസികളും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കഞ്ഞിക്കുഴി പൊലീസും ഫയർഫോഴ്സും എത്തിയാണ് യുവതിയെ പുറത്തെടുത്തത്. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജോമോൻ, ഫേബ, ജോൺസൺ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് സംസ്‌കരിക്കും.