മറയൂർ: തുടർച്ചയായ അലേർട്ടുകളുടെ പ്രഖ്യാപനം ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിക്കുന്നു. പ്രകൃതിദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം സുരക്ഷിത മേഖലയായിരുന്ന മറയൂർ, കാന്തല്ലൂർ മേഖല സഞ്ചാരികൾക്ക് പ്രിയമായി മാറിയിരുന്നു. എന്നാൽ മാറി മാറിയുള്ള അലർട്ടുകളുടെ പ്രഖ്യാപനങ്ങൾ സഞ്ചാരികളെ മറ്റ് ജില്ലകളിലേക്ക് പോകുന്നതിന് കാരണമാകുന്നു. ദീപാവലി ദിനങ്ങളിൽ മറയൂർ മേഖലയിലെത്തേണ്ടിയിരുന്ന അറുപതിലധികം പാക്കേജുകൾ മറയൂർ മേഖല ഒഴിവാക്കി ബാംഗ്ലൂരിലേക്ക് സന്ദർശനം മാറ്റി. അവധി ദിനങ്ങളിൽ നിറയുന്ന ലോഡ്ജുകളും റിസോർട്ടുകളും ഹോംസ്റ്റേകളും ദീപാവലി കാലത്ത് ഒഴിഞ്ഞുകിടന്നു. മൺസൂൺ ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോൾ മറയൂർ, കാന്തല്ലൂർ മേഖലയിലുള്ളത്.മനോഹരങ്ങളായ നിരവധി സുരക്ഷിത വെള്ളച്ചാട്ടങ്ങളും പച്ചക്കറി പാടങ്ങളും മുനിയറകളും ഗുഹകളും ചന്ദനക്കാടുകളും കരിമ്പിൻ പാടങ്ങളും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു. മൂന്നാർ- മറയൂർ സംസ്ഥാന പാതയിലെ ലക്കം വെള്ളച്ചാട്ടത്തിൽ ആയിരത്തിലധികം സഞ്ചാരികളാണ് ദിനംതോറും എത്തിയിരുന്നത്. അലർട്ടുകൾ എത്തിയതോടെ സഞ്ചാരികളുടെ എണ്ണം നൂറിൽ താഴെയായി താന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലെ തൂവാനം ട്രക്കിംഗിന് ആളില്ലാതായി. ട്രക്കിംഗിന് പറ്റിയ ഏറ്റവും നല്ല സമയമായിട്ടും സഞ്ചാരികൾ ഇല്ലാതായത് ടൂറിസം മേഖ6ലയ്ക്ക് വൻ തിരിച്ചടിയായി.