തൊടുപുഴ: റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഇന്ന് മുതൽ മൂന്നു ദിവസങ്ങളിലായി മുതലക്കോടം സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. നേരത്തെ രണ്ട് ദിവസം കൊണ്ട് നടത്തിയിരുന്ന മത്സരങ്ങൾ ഒരു ദിവസത്തേക്ക് കൂടി നീട്ടി. ആദ്യദിനമായ ഇന്ന് ത്രോ ഇനങ്ങൾ നടത്തും. പാലായിൽ ഹാമർ ത്രോ മൽസരത്തിനിടെ വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി സംസ്ഥാന കായിക വകുപ്പിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് ത്രോ ഇനങ്ങൾ ഒരുമിച്ച് പ്രത്യേക ദിവസം നടത്തുന്നത്. മറ്റ് ഇനങ്ങൾ നാളെയും മറ്റന്നാളും നടക്കും. ജില്ലയിലെ ഏഴ് സബ് ജില്ലകളിൽനിന്നായി 1400 കായികതാരങ്ങളാണ് മാറ്റുരയ്ക്കുന്നത്. 100 മത്സര ഇനങ്ങളിൽ റിലേ ഒഴികെയുള്ള എല്ലാ ഇനങ്ങളിലും ഒരു സബ് ജില്ലയിൽ നിന്ന് രണ്ടു കുട്ടികൾ വീതമാണ് മത്സരിക്കാനെത്തുക. മത്സര നടത്തിപ്പിനായി 75 കായിക അദ്ധ്യാപകരും മേളയ്‌ക്കെത്തും. ഇന്ന് രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് പതാക ഉയർത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. 12ന് നടക്കുന്ന സമ്മേളനത്തിൽ തൊടുപുഴ നഗരസഭ ചെയർപഴ്‌സൺ ജെസി ആന്റണി മേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിർമല ഷാജി അദ്ധ്യക്ഷത വഹിക്കും. കൗൺസിലർമാരായ ഷേർളി ജയപ്രകാശ്, ജെസി ജോണി, സ്‌കൂൾ മാനേജർ ഫാ. ജോസഫ് അടപ്പൂര്, പി.ടി.എ പ്രസിഡന്റ് ഷാജു പള്ളത്ത് എന്നിവർ പ്രസംഗിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്വാഗതവും സ്വീകരണകമ്മിറ്റി കൺവീനർ സണ്ണി കൂട്ടുങ്കൽ നന്ദിയും പറയും.