തൊടുപുഴ: ദേശീയതലത്തിലടക്കം നിരവധി കായികതാരങ്ങളെ വാർത്തെടുത്ത കായികാദ്ധ്യാപകൻ ജോർജ് ജെ. മുരിങ്ങാമറ്റത്തിന്റെ കരിയറിലെ അവസാന കായികമേളയാണിത്. മൂന്ന് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ശിഷ്യരെ സംഭാവന ചെയ്തതിന്റെ അഭിമാനത്തോടെയാണ് പടിയിറക്കം. ഇത്തവണത്തെ ജില്ലാ കായികമേളയിൽ തന്നെ ഹാർമർ ത്രോയിൽ ആദ്യ മെഡൽ നേടിയ പി.വൈ. ഫൈസൽ ജോർജ് സാറിന്റെ ശിഷ്യനാണ്. 28 വർഷമായി വിവിധ സ്‌കൂളുകളിൽ സേവനമനുഷ്ഠിക്കുന്ന ജോർജ് 12 വർഷങ്ങളായി മുതലക്കോടം സ്കൂളിലെ കായികാദ്ധ്യാപകനാണ്. മുമ്പ് ഒമ്പതു വർഷം കല്ലാനിയ്ക്കൽ സ്‌കൂളിലും മരിയാപുരം, മാങ്കുളം സ്‌കൂളുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗെയിംസിലും അത്‌ലറ്റിക്‌സിലും ഒരു പോലെ കുട്ടികളെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകർ കുറവാണെന്നിരിക്കെ ജോർജ് സാറിന്റെ കുട്ടികൾ ഈ രണ്ടു തലങ്ങളിലും മികവുറ്റ താരങ്ങളായി. ഫുട്‌ബോളിലും ക്രിക്കറ്റിലും ഒട്ടേറെ കുട്ടികൾ മികവു കാട്ടിയിട്ടുണ്ട്.