തൊടുപുഴ: മഴയും സംഘാടകരുടെ മടിയും ഡി.ഡി.ഇയുടെ ധാർഷ്ട്യവും ഇല്ലാതാക്കിയത് നൂറുകണക്കിന് കായികതാരങ്ങളുടെ പ്രതീക്ഷകൾ. എങ്ങനെ ഒരു കായികമേള നടത്തരുതെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഇന്നലെ മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയത്. കായികമേളയാണെന്ന വിവരം തലേദിവസമാണ് പല സ്കൂളുകളിലും അറിഞ്ഞത്. കുട്ടികളിൽ പലരും അറിഞ്ഞത് ഇന്നലെ രാവിലെയും. രാവിലെ 9.30ന് മത്സര ഇനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഹൈറേഞ്ചിൽ നിന്നടക്കം കുട്ടികൾ പുലർച്ചെ തന്നെ സ്കൂൾ ഗ്രൗണ്ടിലെത്തിയിരുന്നു. എന്നാൽ പത്തര കഴിഞ്ഞു മത്സരം ആരംഭിക്കാൻ. വേണ്ടത്ര ഒഫീഷ്യൽസോ സപ്പോർട്ടിങ് സ്റ്റാഫോ ഇല്ലാത്തത് മൂലം ഹാമർ മത്സരം മൂന്നു തവണ നിറുത്തി വയ്‌ക്കേണ്ടി വന്നിരുന്നു. ഇക്കാര്യം മൈക്കിലൂടെ അനൗൺസും ചെയ്തു. ഇതിനിടെ ഉച്ചകഴിഞ്ഞ് മഴ കൂടി എത്തിയതോടെ മേള പൂർണമായും 'കുളമായി". ഏഴ് സബ് ജില്ലകളിൽ നിന്നായി 14000 കായികതാരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്.

ഭാഗികമായി പൂർത്തിയാക്കി

പാലായിൽ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിനെ തുടർന്ന് സ്‌കൂൾ കായിക മേളകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ത്രോ ഇനങ്ങൾക്കായി മാത്രം ഒരു ദിവസം മാറ്റി വച്ചിരുന്നു. ഹാമർ ത്രോ, ഡിസ്‌കസ് ത്രോ, ജാവ്‌ലിൻ ത്രോ, ഷോട്പുട്ട് മത്സരങ്ങളാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. മത്സരങ്ങൾ സമയക്രമം തെറ്റി നടക്കുന്നതിനിടെ മഴകൂടി എത്തിയതോടെ ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഷോട്ട്പുട്ട്, ജൂനിയർ പെൺകുട്ടികളുടെ ഹാമർത്രോ എന്നിവ റിസർവ് ദിനമായ 14 ലേയ്ക്ക് മാറ്റി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹാമർ മത്സരം നടക്കുന്നതിനിടെയാണ് മത്സരം തടസപ്പെടുത്തി മഴയെത്തിയത്.

ക്ഷുഭിതരായി രക്ഷിതാക്കൾ

കനത്ത മഴയിൽ ഗ്രൗണ്ട് വെള്ളക്കെട്ടായി മാറിയതോടെ മൂന്ന് മണിക്കൂറോളം മത്സരം വൈകി. ഇതിനിടെ മത്സരം സമയബന്ധിതമായി നടത്താത്തതിനെ ചൊല്ലി സംഘാടകരോട് രക്ഷിതാക്കൾ കയർത്തു. രാവിലെ കൃത്യസമയത്ത് തന്നെ മത്സരങ്ങൾ ആരംഭിച്ചിരുന്നെങ്കിൽ മത്സരങ്ങൾ തീർത്ത് വീട്ടിൽ പോകാനാകുമായിരുന്നെന്ന് ഹൈറേഞ്ചിൽ നിന്നുള്ള രക്ഷിതാക്കൾ പറഞ്ഞു. 16 നാണ് സംസ്ഥാന കായിക മേള തുടങ്ങുന്നത്. മഴ മൂലം മത്സരങ്ങൾ മുടങ്ങുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് മത്സരാർഥികൾ. ആവശ്യത്തിന് സമയം ഉണ്ടായിട്ടും കായിക മേള നടത്താൻ വൈകിയ അധികൃതരുടെ നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മത്സരങ്ങൾ അശാസ്ത്രീയം

ഹാമർത്രോ മത്സരങ്ങൾ കോൺക്രീറ്റ് സെക്ടറിലാണ് നടത്തേണ്ടത്. എന്നാൽ ഇന്നലെ വെറും മണ്ണിലാണ് മത്സരങ്ങൾ നടത്തിയത്. ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുണ്ടായതായി മത്സരാർത്ഥികൾ പരാതിപ്പെട്ടു. പല ത്രോകളും ഫൗളാകുന്നതിനും ഇത് കാരണമായി. മാത്രമല്ല ഹാമർത്രോ സെക്ടറിന് ചുറ്റും ഇരുമ്പ് നെറ്റിട്ട് മറയ്ക്കേണ്ടതിന് പകരം സാധാ വലയാണിട്ടിരുന്നത്.

''ഏത് മത്സരമായാലും തീരുമാനിച്ച സമയം കഴിഞ്ഞ് അൽപ്പം വൈകുന്നത് പതിവാണ്. മഴ പെയ്യുന്നത് പ്രകൃതിയുടെ കാര്യമാണ്. അതിലൊന്നും ചെയ്യാനാകില്ല."

-ടി.കെ. മിനി