തൊടുപുഴ: നഗരസഭയുടെ ലോറി സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കാലാവധി നീട്ടിക്കൊടുക്കാനാകില്ലെന്ന നിലപാടിൽ കൗൺസിൽ. പുതിയ ഡിപ്പോയുടെ നിർമാണം പൂർത്തിയായി വരികയാണെന്നും ഏറ്റവും വേഗത്തിൽ ഡിപ്പോ പുതിയ സ്ഥലത്തേക്ക് മാറ്റാമെന്നും നഗരസഭയ്ക്ക് നൽകിയ കത്തിൽ കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ തീയതി അറിയിക്കാത്തതിനാൽ കാലാവധി നീട്ടിക്കൊടുക്കാനാവില്ലെന്ന് ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി അറിയിച്ചു. ഈ മാസം 15ന് കടമുറികൾ ലേലം ചെയ്തു നൽകുന്നതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഡിപ്പോയുടെ ബാക്കി വരുന്ന നിർമാണ ജോലികൾ പൂർത്തിയാക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയതായി രാജീവ് പുഷ്പാംഗദൻ പറഞ്ഞു. ഇതിനായി 1.15 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും ഉടൻ ടെണ്ടർ ചെയ്യുമെന്നും രാജീവ് പുഷ്പാംഗദൻ പറഞ്ഞെങ്കിലും കൃത്യമായ ഉറപ്പു ലഭിക്കാതെ കാലാവധി നീട്ടിക്കൊടുക്കാൻ കഴിയില്ലെന്ന് എ.എം. ഹാരിദ് വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി നഗരസഭയുമായി വച്ച കരാർ കാലാവധി കഴിഞ്ഞ മാസം 10ന് അവസാനിച്ചിരുന്നു. ആഗസ്റ്റ് എട്ടിനു ചേർന്ന നഗരസഭ കൗൺസിൽ തീരുമാനപ്രകാരം കരാർ കാലാവധി തീരുന്ന ഘട്ടത്തിൽ ലോറി സ്റ്റാൻഡ് ഒഴിഞ്ഞു കൊടുക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിപ്പോ നിർമാണം പൂർത്തിയാകാത്തതിനാൽ കാലാവധി നീട്ടി നൽകാൻ കെ.എസ്.ആർ.ടി.സി ആവശ്യപ്പെടുകയായിരുന്നു.
അജൈവ മാലിന്യം ശേഖരിക്കും
നഗരസഭ മേഖലയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും കൗൺസിൽ തീരുമാനിച്ചു. ഉപയോഗ ശൂന്യമായ ചില്ലുകുപ്പികൾ, കുപ്പിച്ചില്ല്, ട്യൂബ് ലൈറ്റുകൾ, ബൾബ്, ക്രോക്കറി പാത്രങ്ങൾ എന്നിവയാണ് ശേഖരിക്കുന്നത്. എല്ലാ വാർഡുകളിലും വിവിധ കേന്ദ്രങ്ങളിലായി ശേഖരിച്ച് പിന്നീട് നഗരസഭ വാഹനത്തിൽ പൊതു സംഭരണ കേന്ദ്രത്തിൽ എത്തിക്കും. തുടർന്ന് ഇത് അജൈവ മാലിന്യ സംസ്‌കരണ കമ്പനിയ്ക്ക് കൈമാറും. നഗരസഭ പരിധിയിൽ മാലിന്യം തള്ളുന്നവരെ പിടി കൂടാൻ വിവിധയിടങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നതിന് അംഗീകാരം ലഭിച്ചു.