തൊടുപുഴ: മണക്കാട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലും സമീപത്തുള്ള ക്ഷേത്രത്തിലും മോഷണം നടന്നു. സ്‌കൂളിലെ സ്റ്റാഫ് റൂമിന്റെ വാതിൽ തകർത്ത നിലയിലാണെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. കല്ലുകൾ ഉപയോഗിച്ച് താഴുകൾ തകർത്തതായാണ് കരുതുന്നത്. മുറിയിലെ മേശകളുടെ ഡ്രോ തുറന്ന് പരശോധിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയിലെ പണം മോഷണം പോയി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, തൊടുപുഴയിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.