കട്ടപ്പന: എസ്.ഐയെയും എ.എസ്.ഐയെയും ആക്രമിച്ച നാലംഗ സംഘത്തെ പൊലിസ് അറസ്റ്റ് ചെയ്തു. മുല്ലപ്പെരിയാർ സ്റ്റേഷനിലെ എസ്.ഐ സജിമോൻ ജോസഫ്, വണ്ടൻമേട് സ്റ്റേഷനിലെ എ.എസ്.ഐ മുരളീധരൻ നായർ എന്നിവരെയാണ് സാമൂഹ്യ വിരുദ്ധർ ആക്രമിച്ചത്. സംഭവത്തിൽ ചെന്നൈ കുമരൻ സ്ട്രീറ്റ് അമ്പത്തൂർ സ്വദേശി മുരുകൻ(42), അണക്കര വാലുമണ്ണിൽ രവികുമാർ(36), അണക്കര ഐഎംഎസ് കോളനി വാലുമണ്ണിൽ അൻപുരാജ്(32), കുമളി റോസാപ്പൂക്കണ്ടം വഴിയരികത്തു പുത്തൻവീട്ടിൽ ബിബിൻ ഫ്രാൻസിസ്(24) എന്നിവരെയാണ് വണ്ടൻമേട് പൊലിസ് പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ അണക്കരയിലെ വസ്ത്രവ്യാപാര ശാലയ്ക്കു മുൻപിലായിരുന്നു സംഭവം. വഴിയിലേക്ക് ഇറക്കി പാർക്കുചെയ്തിരുന്ന കാറിലേക്ക് നോക്കിയെന്ന് ആരോപിച്ച് എസ്.ഐയെ സംഘം ആക്രമിക്കുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹം അണക്കരയിൽ എത്തിയത്. അണക്കരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ അദ്ദേഹത്തെയും ആക്രമിച്ചു. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് അക്രമികളെ തടഞ്ഞത്.
വണ്ടൻമേട് എസ്.ഐ ഷോജോ വർഗീസ്, എ.എസ്.ഐമാരായ പി.എസ് നൗഷാദ്, എസ്.സി.പി.ഒമാരായ എച്ച് സനൽകുമാർ, ഹരികുമാർ, സി.പി.ഒ റിജോമോൻ വർഗീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.