പീരുമേട്: പുതുവൽ നിവാസികൾ പലർകാലത്ത് കാണുന്ന ഒരു പതിവ് കാഴ്ച്ചയുണ്ട്, ഒരു ബക്കറ്റുമായി തമ്പിദാസിന്റെ പ്രയാണം. പൊതു റോഡിൽ പലയിടത്തുനിന്നായി ചാണകം ശേഖരിച്ച് ജൈവവളമാക്കുന്ന വേറിട്ട വഴിയാണ് ഇദ്ദേഹത്തിന്റേത്. ഗ്ലെൻമേരി എസ്റ്റേറ്റ് പുതുവൽ സ്വദേശി തമ്പി ദാസിന് ഇത് ജീവിതചര്യയുടെ ഭാഗമായിട്ട് വർഷം പതിനൊന്നായി. എസ്‌റ്റേറ്റ് മേഖലയായ പുതുവൽ പ്രദേശത്ത് കന്നുകാലികളെ ഉടമസ്ഥർ തൊഴുത്തിൽ കെട്ടി പരിപാലിക്കുന്ന രീതിയില്ല. കറവയുള്ളപ്പോൾ മാത്രമേ കാലികളെ പിടിച്ചു കെട്ടൂ. അല്ലാത്ത സമയം അവ തെരുവിലും പുൽമേടുകളിലും അലഞ്ഞുതിരിയാൻ വിടുകയാണ് പതിവ്. മുൻ തോട്ടം തൊഴിലാളിയായ തമ്പി ദാസ് ദിവസവും നാല് ബക്കറ്റ് ചാണകമാണ് ഇങ്ങനെ 'സമ്പാദി'ക്കുന്നത്. ഇവ വീട്ടിൽക്കൊണ്ടുവന്ന് പുരയിടത്തിൽ ഒരുക്കിയിട്ടുള്ള കുഴിയിൽ നിക്ഷേപിക്കും. വീട്ടിലെ ഭക്ഷ്യമാലിന്യ സംസ്‌കരണവും ഇവിടെത്തന്നെ. വീടും പരിസരവും തൂത്ത് വൃത്തിയാക്കി കരിയിലകളും കേടായി വീഴുന്ന മരച്ചില്ലകളുമെല്ലാം കുഴിയിൽ ഇടും. ഇങ്ങനെയുണ്ടാകുന്ന ജൈവവളമാണ് തന്റെ രണ്ടേക്കർ പുരയിടത്തിലെ കൃഷിക്കുപയോഗിക്കുന്നത്. ഏലം, കുരുമുളക്,കാപ്പി, വാഴ, ഇഞ്ചി, മഞ്ഞൾ, വിവിധയിനം പച്ചക്കറികൾ എന്നിവയെല്ലാംകൊണ്ട് സമൃദ്ധമാണ് ഈ കൃഷിയിടം. പ്രതിവർഷം മൂന്ന് ലക്ഷം രൂപയിലേറെ വരുമാനമുണ്ട് ഈ പുരയിടത്തിൽ നിന്നും. വീടിനു സമീപം ഇപ്പോൾ മൂന്നു വലിയ കുഴികളിലായി ജൈവവളം നിറഞ്ഞു കിടക്കുകയാണ്. ഇനി ജൈവവളം കൂടി വിറ്റ് കാശാക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
. ജില്ലയുടെ എല്ലാ ഭാഗത്തും നടക്കുന്ന ഇത്തരത്തിലുള്ള തനതായ മാലിന്യ പരിപാലന മാതൃകകൾ സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നതിനായി ഹരിതകേരളം കണ്ടെത്തിവരികയാണ്. ഈ യാത്രയ്ക്കിടയിലാണ് ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി എസ് മധു തമ്പിദാസിനെ പരിചയപ്പെട്ടത്.തമ്പിദാസിന്റെ ഈ അനുകരണീയമായ മാതൃകയ്ക്ക് പീരുമേട് ഗ്രാമപ്പഞ്ചായത്തും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും ആത്മയുടെയും മികച്ച ജൈവ കർഷകനുള്ള അവാർഡ് നൽകിയിരുന്നു. തന്നെ അനുകരിക്കാൻ ഏതാനും ഗ്രാമവാസികൾ തയ്യാറായിട്ടുണ്ടെന്ന് തമ്പിദാസ് അഭിമാനപൂർവ്വം പറഞ്ഞു.