മുതലക്കോടം: ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ അഭിഷേക് ഓടുമ്പോൾ ആർപ്പുവിളിക്കാനും കൈയടിക്കാനും ഒരു കുടുംബം മുഴുവനുണ്ടായിരുന്നു. അവരെ നിരാശരാക്കാതെ തുടർച്ചയായി രണ്ടാം വർഷവും ഒന്നാമതായി തന്നെ അഭിഷേക് ഫിനിഷ് ചെയ്തു. മുൻ കായികതാരങ്ങളായ അച്ഛന്റെയും കൊച്ചച്ഛന്മാരുടെയും ശിക്ഷണത്തിലായിരുന്നു കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസിലെ പ്ലസ്‌വൺ വിദ്യാർത്ഥിയായ അഭിഷേകിന്റെ മിന്നും പ്രകടനം. മാനത്തൂരിൽ ബ്യൂട്ടിപാർലർ നടത്തുന്ന അഭിഷേകിന്റെ അച്ഛൻ കരിങ്കുന്നം മഞ്ഞക്കുന്നേൽ അഭിലാഷ് നേരത്തെ ദീർഘദൂര ഓട്ടക്കാരനായിരുന്നു. 1992- 93 കാലഘട്ടത്തിൽ ജില്ലാതലത്തിൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. അഭിലാഷിന്റെ അനിയൻ അനീഷ് 1997- 98 കാലയളവിൽ 1500 മീറ്ററിൽ എം.ജി സർവകലാശാല ചാമ്പ്യനായിരുന്നു. ഇളയ അനിയൻ അജീഷാണെങ്കിൽ സൗത്ത് ഇന്ത്യൻ മീറ്റിൽ 800 മീറ്ററിൽ വിജയിയായിരുന്നു. അജീഷാണ് അഭിഷേകിന്റെ പ്രധാന പരിശീലകൻ. ഇവരുടെ ഏകസഹോദരി ആശ ജില്ലാതല ഷോട്ട്പുട്ട് താരമായിരുന്നു. 11.82 സെക്കൻഡിൽ അഭിഷേക് ഫിനിഷ് ചെയ്യുമ്പോൾ അച്ഛനെയും കൊച്ചച്ഛന്മാരേക്കാളും ആവേശം അപ്പൂപ്പൻ അബ്രഹാമിനും അമ്മൂമ്മ വത്സയ്ക്കുമായിരുന്നു. പ്റായത്തിന്റെ അവശതയിലും ഊന്നുവടികളുമേന്തി അവർ പ്രോത്സാഹിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. നഴ്‌സറി അദ്ധ്യാപികയായ ഷാന്റിയാണ് അഭിഷേകിന്റെ അമ്മ. ഇന്ന് നടക്കുന്ന 200 മീറ്റർ ഫൈനലിലും അഭിഷേക് ക്വാളിഫൈ ചെയ്തിട്ടുണ്ട്.