മൂന്നാർ: പെരിയവാരയിൽ പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കുരുക്കിലാകുന്ന വാഹനങ്ങൾ മൂന്നാറിലെത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തി . പെരിയവാരയിൽ നിന്നും മൂന്നാറിലേക്ക് പ്രവേശിക്കാൻ കമ്പനിയുടെപുതുക്കാട് എസ്റ്റേറ്റ് വഴി പ്രൈവറ്റ് റോഡ് തുറന്നുകൊടുത്താണ് ഗതാഗതക്കുരുക്കടക്കം പരിഹരിച്ചത്. ഇതോടെ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് പുതുക്കാട് എസ്റ്റേറ്റ് വഴി മൂന്നാറിൽ പ്രവേശിക്കാനാകും. എസ് രാജേന്ദ്രൻ എം എൽ എ, സബ് കളക്ടർ പ്രേംകൃഷ്ണൻ എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ് നടപടി.
പുതിയ പാലത്തിന്റെ പൈലിംങ്ങ് ജോലികൾ അന്തിമ ഘട്ടത്തിലാണ്. തിങ്കളാഴ്ച വൈകന്നേരത്തോടെ പണികൾ പൂർത്തിയാകും. ചൊവ്വാഴ്ചയോടെ താൽക്കാലിക പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ചരക്ക് നീക്കം പുനസ്ഥാപിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി.ഇന്നലെ രാവിലെ എസ് രാജേന്ദ്രൻ എംഎൽഎയും സബ് കളക്ടർ പ്രേംകൃഷ്ണൻ എന്നിവർ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്ന പെരിയവാര സന്ദർശിച്ചിരുന്നു. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി അധിക്യതരുമായി സംഘം ചർച്ചകൾ നടത്തി. തുടർന്ന് റോഡ് തുറന്നുനൽകാൻ തീരുമാനിക്കുകയായിരുന്നു.